കെ എസ് ഇ ബി തിരുവല്ല ഓഫീസിലെ മസ്ദൂര്‍ മണ്ണഞ്ചേരി പന്നിശേരി കോളനിയില്‍ ചന്ദ്രലാലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ആര്യാട് ബിനു നിവാസില്‍ ബിനു (ബുള്ളറ്റ് ബിനു-28), ഗുരുപുരം രാധാ നിവാസില്‍ ജോജോ (കുത്ത് ജോജോ-19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇരുവരും ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഇനി പുന്നമട സ്വദേശിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. നേരത്തെ ഒന്നാംപ്രതി മണ്ണഞ്ചേരി പുതുവല്‍വെളി വേണുഗോപാല്‍ (43), കണ്ണന്തറ വെളിയില്‍ കണ്ണന് (28), കുറ്റിശേരി വീട്ടില്‍ ഡല്‍സി കണ്ണന് (23), മണ്ണഞ്ചേരി പതി വാര്‍ഡ് പന്നിശേരി കോളനിയില്‍ പ്രേമലത (39) എന്നിവരെ പിടികൂടിയിരുന്നു.
സുഹൃത്തുക്കളായിരുന്ന ചന്ദ്രലാലും വേണുഗോപാലും പിണങ്ങി പിരിഞ്ഞതിനെ തുടര്‍ന്നുണ്ടായ വഴക്കുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവല്ലയിലെ ജോലി സ്ഥലത്തുവച്ചും ചന്ദ്രലാലിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. അത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് വലിയ കലവൂര്‍ അഴീക്കോടന്‍ ജങ്ങ്ഷനില്‍ വച്ച് കൃത്യം നിര്‍വഹിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതികളെ കുടുക്കാന്‍ സഹായകമായത് സംഭവ സ്ഥലത്ത് നിന്നും ലഭിച്ച മൊബെയില്‍ ഫോണാണ്.