ഡല്‍ഹി മെട്രോ റെയില്‍ പദ്ധതിയുടെ കൊച്ചി ഓഫീസ് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ധാരണയായി. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ സംബന്ധിച്ച് ഡി എം ആര് സി ഉദ്യോഗസ്ഥര്‍ ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായാണ് ഓഫീസ് തുറക്കുന്നത്. എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന്റെ ജി സി ഡി എ കെട്ടിടത്തിലാണ് ഡി എം ആര് സി ഓഫീസ് തുറക്കുക. ഡി എം ആര് സി നേരത്തെ തന്നെ ഈ സ്ഥലം ഏറ്റെടുത്തിരുന്നു. ഇതോടെ പദ്ധതിയുടെ നിര്‍മ്മാണത്തിനു തുടക്കമാകും.
പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ വിട്ടു കൊടുത്ത സാഹചര്യത്തിലാണ് ഡി എം ആര് സി ഉദ്യോഗസ്ഥര്‍ ഓഫീസ് തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ കുമാര്‍ കേശവ്, പ്രൊജക്ട് ഡയറക്ടര്‍ പി ശ്രീറാം, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ രാധകൃഷ്ണന് നായര്‍ എന്നിവരാണ് ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. നോര്‍ത്ത്, സൌത്ത് റയില്‍വേ മേല്‍പാലങ്ങള്‍ക്കു മുകളിലൂടെയുള്ള നിര്‍മ്മാണം സംബന്ധിച്ചും ചര്‍ച്ച നടത്തിയിട്ടുണ്ട്.