രാജ്യത്ത് ഇടതു പാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന മൂന്നാം ബദല്‍ ശക്തിപ്പെടുത്തുമെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കൊച്ചിയില്‍ കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത നിരപേക്ഷ കക്ഷികളുമായി സഖ്യമാകാമെന്ന ധാരണയില്‍ കേന്ദ്രകമ്മറ്റി യോഗം എത്തിയതായി പ്രകാശ് കാരാട്ട് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുന്നണി ബന്ധങ്ങളെക്കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച നടന്നത്.
ഫെബ്രുവരി മാസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാറ്റിവയ്ക്കും. ബി ജെ പിയും കോണ്‍ഗ്രസും അധികാരത്തില്‍ വരുന്നത് തടയുന്നതിനുള്ള തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ മൂന്നാം ബദല്‍ ശക്തിപ്പെടുത്തും.
കര്‍ണാടകയില്‍ ജനതാദള്‍ - എസ്, ആന്ധ്രയില്‍ ടി ഡി പി, തമിഴ്നാട്ടില്‍ എ ഐ ഡി എം കെ എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കും. കേരളത്തിലും ത്രിപുരയിലും ബംഗാളിലും നിലവിലുള്ള മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടാകില്ല. കേരളത്തില്‍ പുതിയ രാഷ്ട്രീയ കക്ഷികളെ മുന്നണിയിലേക്ക് എടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ഹരിയാനയിലും ജാര്‍ഖണ്ഡിലും ഇപ്പോള്‍ നടത്തിവരുന്ന ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനമായി.
കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തില്ല. ഇവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ട് കഴിഞ്ഞതാണെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെട്ട പഞ്ചാബിലെ മുതിര്‍ന്ന സി പി എം നേതാവ് ബല്‍വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള പൊളിറ്റ്ബ്യൂറോ തീരുമാനത്തിന് കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്കി.