പ്രമുഖ മദ്ദള വിദഗ്ധനും കഥകളി കലാകാരനുമായ സദനം മുരുകജ്യോതി വാഹന അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന് 52 വയസ്സായിരുന്നു.
ഡല്‍ഹിയിലെ രാജ്യാന്തര കഥകളി കേന്ദ്രത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു സദനം മുരുകജ്യോതി. കേരളത്തിന്‍റെ തനതു കലാരൂപമായ കഥകളിയെ രാജ്യാന്തര പ്രശസ്തിയിലേക്ക് എത്തിക്കാന്‍ അദ്ദേഹം അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ വടവന്നൂരിലായിരുന്നു മുരുക ജ്യോതിയുടെ ജനനം. രണ്ടു സഹോദരന്മാരടക്കം മൂന്നു പേരും കലാരംഗത്ത് തല്പരരായിരുന്നു. കര്‍ണ്ണാട്ടിക് വോക്കല്‍ മ്യൂസിക്ക് വിദഗ്ധന്‍ അരുണശാല ഭാഗവതരായിരുന്നു കുട്ടിക്കാലത്ത് മൂന്നു പേരുടേയും ഗുരു.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാലക്കാട്ടുക്കാരനായ മുരുകജ്യോതി മദ്ദളം അധ്യാപകനായി ഡല്‍ഹിയിലെ കഥകളി കേന്ദ്രത്തിലെത്തിയത്. കഥകളി രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ന്നതില്‍ മുരുകജ്യോതി വഹിച്ച പങ്ക് വലുതാണ്. ഇതിനായി തനിച്ചും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പവും അദ്ദേഹം നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.