കോണ്‍ഗ്രസിലേക്കുള്ള കെ മുരളീധരന്‍റെ മടങ്ങിവരവ് ചര്‍ച്ച ചെയ്യുന്നതിനായി കെ പി സി സി നിര്‍വ്വാഹകസമിതിയോഗം ഇന്നു ചേരുന്നു. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഇന്നു പ്രത്യേക തീരുമാനങ്ങളൊന്നുമുണ്ടാകില്ലെന്നാണ് സൂചന.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ കരുണാകരന്‍ കെ പി സി സിക്ക് കത്തു നല്കിയ സാഹചര്യത്തിലാണ് ഇന്ന് നിര്‍വ്വാഹക സമിതി ചേരുന്നത്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ചര്‍ച്ചയ്‌ക്കായി രമേശ് ചെന്നിത്തലയുമായി കരുണാകരന്‍ കൂടിക്കാഴ്‌ച നടത്തിരുന്നു. ലീഡറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്‍റെ വസതിയിലെത്തിയാണ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.
വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് മുരളിക്ക് പരസ്യ പിന്തുണയുമായി ഇതിനകം രംഗത്തെത്തിയിരിക്കുന്നത്. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്‌ക്ക് മുരളി കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നതിനോട് തീരെ യോജിപ്പില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്ക് മുരളി മടങ്ങിയെത്തുന്നതിനോട് പ്രത്യേക എതിര്‍പ്പൊന്നുമില്ല. എങ്കിലും ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവും കൂട്ടരും. അതേസമയം പത്മജ വേണുഗോപാലിനൊപ്പമുള്ള കരുണാകര ഗ്രൂപ്പുകാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ലീഡറുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയായതിനാല്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കാര്‍ക്കും മുരളിയെ തീര്‍ത്തും എതിര്‍ത്തു സംസാരിക്കാന്‍ ഇന്ന് കഴിയില്ല. മിക്കവാറും ഹൈക്കമാന്‍ഡ് തീരുമാനത്തിന് മുരളിയുടെ മടങ്ങിവരവ് വിടാനായിരിക്കും ഇന്നത്തെ എക്സിക്യുട്ടീവില്‍ തീരുമാനമാകുക.