കോണ്‍ഗ്രസിലേക്കുള്ള കെ മുരളീധരന്റെ തിരിച്ചു വരവ് സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡിന് വിടാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന കെ പി സി സി നിര്‍വ്വാഹകസമിതി യോഗത്തിലാണ് കരുണാകരന് ഈ ആവശ്യം ഉന്നയിച്ചത്. തിരുവനന്തപുരത്ത് കെ പി സി സി
യോഗം തുടരുകയാണ്.
കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡിന് വിടുന്നതാണ് ഉചിതമെന്നാണ് കരുണാകരന്റെ പക്ഷം. മുരളീധരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കാന്‍ എല്ലാവരുടെയും പിന്തുണ ലീഡര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്നു യോഗത്തില്‍ നിന്നു കരുണാകരന് മടങ്ങി. യോഗത്തിനു മുന്നോടിയായി കേന്ദ്ര സഹമന്ത്രി കെ വി തോമസ് കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കോണ്‍ഗ്രസിലേക്കുള്ള മുരളിയുടെ മടങ്ങിവരവ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കരുണാകരന് കെ പി സി സിക്ക് കത്തു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് കെ പി സി സി നിര്‍വ്വാഹകസമിതി യോഗം ചേരുന്നത്. കരുണാകരന്റെ കത്തു സംബന്ധിച്ച ചര്‍ച്ച യോഗത്തില്‍ ഉണ്ടാകുമെന്ന് കെ പി സി സി അധ്യക്ഷന്‍ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.