മുഖ്യമന്ത്രി പദവിയുടെ മഹനീയത നഷ്ടമായി: മാണി

തിരുവനന്തപുരം| WEBDUNIA|
PRO
പാര്‍ട്ടിയിലെ വിഭാഗീയത മൂലം മുഖ്യമന്ത്രി പദവിയുടെ മഹനീയത നഷ്ടമായെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. തിരുവനന്തപുരം പ്രസ് ക്ലബില്‍ കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണ സ്തംഭനമാണ് നിലനില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി പി എം മുഖ്യമന്ത്രിയുടെ അധികാരങ്ങള്‍ ദുര്‍ബലമാക്കുകയും നിര്‍വീര്യമാക്കുകയും ചെയ്തു. വി എസിന് വ്യക്തിത്വം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനെ പാര്‍ട്ടി അപമാനിച്ചു. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാര്‍ക്ക്‌ മുഖ്യമന്ത്രിയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും മാണി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണമെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തില്‍ താന്‍ അഭിമാനം കൊള്ളുന്നെന്നും മാണി പറഞ്ഞു. പഴയ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേര്‍വഴിക്ക് നടത്തുകയാണ് താന്‍ ചെയ്യുന്നത്. ലയനം മൂലം യു ഡി എഫിന്‍റെ കെട്ടുറപ്പിന് ഒന്നും സംഭവിച്ചിട്ടില്ല. യു ഡി എഫ് കെട്ടുറപ്പോടെ തന്നെയാണ് ഇപ്പോള്‍ ഉള്ളതെന്നും മാണി പറഞ്ഞു.

സീറ്റു വിഭജനം സംബന്ധിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെത്രാന്മാര്‍ മോശക്കാരല്ലെന്നും അവര്‍ ആത്മീയ കാര്യങ്ങള്‍ നോക്കുന്നവരാണെന്നും മാണി പറഞ്ഞു. പിണറായി വിജയന്‍ വിഭാഗീയത വളര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :