മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഡല്‍ഹിയില്‍: വയലാര്‍ രവി

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 30 ഒക്‌ടോബര്‍ 2010 (16:33 IST)
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകുമെന്ന് പറയാന്‍ കഴിയില്ലെന്നും വയലാര്‍ രവി പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഇവിടെ വെച്ചല്ലെന്നും ഡല്‍ഹിയില്‍ വെച്ചാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ ചാണ്ടിയായിരിക്കും മുഖ്യമന്ത്രിയെന്ന് കെ പി സി സി അധ്യക്ഷന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് വയലാര്‍ രവി ഇങ്ങനെ പറഞ്ഞത്.

അതേസമയം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വയലാര്‍ രവി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയിരിക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനായി ഡല്‍ഹി കേന്ദ്രമാക്കി ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെയെല്ലാം ന്യായീകരിക്കുന്ന വിധത്തിലാണ് ഇന്നത്തെ രവിയുടെ പ്രസ്താവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :