മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചെന്ന് ബിജുവിന്റെ അഭിഭാഷകന്, ‘കത്ത് കാണട്ടെ’ എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
PRO
സോളാര്‍ തട്ടിപ്പ് നടത്തിയ ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജോപ്പന് വഴിയാണ് കത്ത് സംഘടിപ്പിച്ചതെന്നും ബിജുവിന്റെ അഭിഭാഷകന് വെളിപ്പെടുത്തി. ബിജു തന്നെയാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും അഭിഭാഷകനായ ഹസ്കര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിജു രാധാകൃഷ്ണനും തമ്മില്‍ സംസാരിച്ചത് ബിസിനസ് സംബന്ധിച്ച കാര്യങ്ങളാണെന്നും ബിസിനസ് മെച്ചപ്പെടുത്താനാവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഹസ്കര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ കത്തുകള്‍ സംഘടിപ്പിച്ചുകൊടുക്കുന്നതിന് പ്രതിഫലമായി ജോപ്പന് സരിതയില്‍ നിന്ന് വന്‍ തുക പ്രതിഫലം പറ്റിയിരുന്നു. ഉപഹാരങ്ങളും വാങ്ങിയിരുന്നു. നിരവധി ശുപാര്ശക്കത്തുക്കള് ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ജോപ്പന് സംഘടിപ്പിച്ചുനല്കിയതായും അഭിഭാഷകന് വെളിപ്പെടുത്തി.
അതേ സമയം അങ്ങനെയുള്ള കത്തുകള്‍ ഉണ്ടെങ്കില്‍ ‘അത് കാണട്ടെ’ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തന്റെ ലെറ്റര്‍ പാഡുകള്‍ മോഷണം പോയിട്ടുണ്ടോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോണ്‍ വിളിക്കുന്നത് തെറ്റല്ലെന്നും അന്വേഷണത്തിന് ശേഷം നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാകാര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സന്ദര്‍ശകരുടെ മുന്‍കാല വിവരങ്ങള്‍ ശേഖരിക്കും. മന്ത്രിമാരുടെ ഓഫീസുകളില്‍ സ്കാനര്‍ സ്ഥാപിക്കും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. നിക്ഷേപ സമാഹരണ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നവരെ പറ്റി അന്വേഷിക്കും.