മുഖ്യമന്ത്രിയായിരിക്കാന്‍ വി എസിന് അര്‍ഹതയില്ല: ചെന്നിത്തല

PROPRO
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹത ഇല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കേരളരക്ഷാമാര്‍ച്ചിന്‍റെ ഭാഗമായി കോട്ടയത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എം സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള ആരോപണങ്ങള്‍ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്നാണ് ശംഖുമുഖത്ത് മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ, വി എസിന്‍റെ കാപട്യം കേരളം മനസ്സിലാക്കിക്കഴിഞ്ഞു. നേരത്തെ പറഞ്ഞതിന് കടകവിരുദ്ധമായാണ് വി എസ് പിന്നീട് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളെല്ലാം വി എസ് വിഴുങ്ങുകയാണ് ചെയ്തത്. നവകേരള മാര്‍ച്ചില്‍ പങ്കെടുത്തതോടെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എടുക്കാത്ത നാണയമായി തീര്‍ന്നിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റിലേക്കു മത്സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാന്‍ അടുത്ത മാസം ആറിന്‌ കെ പി സി സി തെരഞ്ഞെടുപ്പ്‌ സമിതി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ്‌ തീരുമാനമെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.

കോട്ടയം| WEBDUNIA|
നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വരുന്ന തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :