ലോട്ടറി വിഷയത്തില്‍ തന്റെ നിലപാട് എല്ലാവര്ക്കും അറിയാവുന്നതാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്. വി എസ് സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം മാര്‍ട്ടിന്റെ കൊള്ളയടി നടക്കില്ല. വിലക്കയറ്റത്തിനെതിരെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ട്ടിനെ പോലുള്ള കള്ളന്മാരെ ഒതുക്കുന്നതിന് തന്റെ പാര്‍ട്ടി എതിരാണെന്ന് നിങ്ങളെപ്പോലുള്ളവര്‍ അല്ലാതെ ആരും പറയില്ല. തന്റെ പാര്‍ട്ടി മാര്‍ട്ടിന്റെ കൊള്ളയടിക്ക് കൂട്ടുനില്‍ക്കില്ല.
തനിക്കെതിരെ നടപടിയുണ്ടോ എന്നറിയില്ല. നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇക്കാര്യം വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല.
പെണ് വാണിഭക്കാരെ ഈ സര്‍ക്കാറിന്റെ കാലാവധിക്ക് മുമ്പ് തന്നെ തെരുവില്‍ കൂടി കൈയാമം വച്ച് നടത്തുമെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റത്തിന് കാരണം കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.