മാണിക്കുവേണ്ടി കോണ്‍ഗ്രസില്‍ അടി, മാണിയെ തിരികെ എത്തിക്കണമെന്ന് കുര്യന്‍; ഉമ്മന്‍‌ചാണ്ടി പറയുന്നത് വ്യക്തിപരമായ കാര്യമെന്നും കുര്യന്‍

K M Mani, Congress, Oommenchandy, Kurian, Chennithala, Jose K Mani, കെ എം മാണി, കോണ്‍‌ഗ്രസ്, ഉമ്മന്‍‌ചാണ്ടി, കുര്യന്‍, ചെന്നിത്തല, ജോസ് കെ മാണി
കോട്ടയം| BIJU| Last Modified ചൊവ്വ, 9 മെയ് 2017 (16:20 IST)
കെ എം മാണിയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. നേതാക്കള്‍ രണ്ടുചേരികളിലായി നിന്ന് കൊമ്പുകോര്‍ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. മാണിയെ യു ഡി എഫില്‍ തിരികെ എത്തിക്കാന്‍ കോണ്‍‌ഗ്രസ് മുന്‍‌കൈ എടുക്കണമെന്ന് മുതിര്‍ന്ന നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യന്‍ ആവശ്യപ്പെട്ടു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍‌ഗ്രസ് എം യുഡി‌എഫിന്‍റെ ഭാഗമാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മാണിയെ എടുക്കേണ്ടതില്ലെന്ന തീരുമാനം കോണ്‍ഗ്രസ് കൈക്കൊണ്ടിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു. കെ എം മാണിക്കെതിരെ കോണ്‍‌ഗ്രസ് നേതാക്കള്‍ നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്നാണ് കുര്യന്‍ പറയുന്നത്.

ഉമ്മന്‍‌ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍, കെ സി ജോസഫ്, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളെല്ലാം കെ എം മാണിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. മാണിയും മകനും ഉള്‍പ്പെട്ട കേരള കോണ്‍‌ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് കുര്യന്‍ കോട്ടയത്ത് പറയുഞ്ഞത്.

കൈവിരലിന് മുറിവുപറ്റിയാല്‍ മരുന്നുവയ്ക്കുകയാണ് സാധാരണ ചെയ്യുന്നതെന്നും അല്ലാതെ വിരല്‍ മുറിച്ചുകളയുന്നതിലല്ല കാര്യമെന്നും പി ജെ കുര്യന്‍ പറഞ്ഞു. കോണ്‍‌ഗ്രസിന്‍റെ രാഷ്ട്രീയകാര്യ സമിതി യോഗം പി ജെ കുര്യന്‍റെ അഭിപ്രായപ്രകടനം ചര്‍ച്ച ചെയ്യും.

കെ എം മാണിയെ യു ഡി എഫില്‍ എടുക്കരുതെന്ന് കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനമെടുത്തിട്ടുള്ളതാണ്. ഉമ്മന്‍‌ചാണ്ടി കൂടി പങ്കെടുത്ത യോഗമാണ് അത്തരം ഒരു തീരുമാനമെടുത്തത്. മാണി രാഷ്ട്രീയ വഞ്ചനയാണ് കാണിച്ചതെന്ന അഭിപ്രായമാണ് യോഗത്തില്‍ അന്ന് ഉമ്മന്‍‌ചാണ്ടി പ്രകടിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :