ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പതിവുപോലെ ഹര്‍ത്താല്‍ വന്‍ വിജയമായപ്പോള്‍ രാജ്യത്തെ പല വന്‍നഗരങ്ങളിലും ഹര്‍ത്താല്‍ അമ്പേ പരാജയം. മലയാളി ഹര്‍ത്താലിന് കതക് അടച്ച് വീട്ടിലിരുന്നപ്പോള്‍ രാജ്യത്തെ മഹാനഗരങ്ങള്‍ പലതും കണ്ടാല്‍ ഇന്നൊരു ഹര്‍ത്താല്‍ ഉണ്ടായിരുന്നോ എന്ന് ചോദിച്ചു പോകും.
ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ 13 രാഷ്ട്രീയകക്ഷികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാജ്യത്തെ വന്‍നഗരങ്ങളെ ബാധിച്ചില്ല. ബംഗാളിന്‍റെ സന്തതിയായതിനാല്‍ കൊല്‍ക്കത്തയ്ക്ക് ഹര്‍ത്താലില്‍ നിന്ന് മാറി നില്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഹര്‍ത്താലിന് ജനപിന്തുണയില്ല.
ഇവിടങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയിലായിരുന്നു. സി പി എമ്മിന്‍റെ തട്ടകങ്ങളായ കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണ വിജയമാണ്. കൊല്‍ക്കത്ത നഗരത്തില്‍ സ്വകാര്യ സ്ഥാപനങ്ങളോ പൊതുസ്ഥാപനങ്ങളോ ഒന്നും തുറന്നില്ല. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ട്രെയിന്‍ ഗതാഗതത്തെയും വ്യോമഗതാഗതത്തെയും ഹര്‍ത്താല്‍ ബാധിച്ചു. എയര്‍ ഇന്ത്യ മാത്രമാണ് ഇവിടെ നിന്ന് സര്‍വ്വീസ് നടത്തിയത്.
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒറീസ, ഹരിയാന എന്നിവിടങ്ങളിലും ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമായിരുന്നു. ഉത്തര്‍പ്രദേശില്‍ സ്ഥിതിഗതികള്‍ ബന്ദിന് സമാനമായ അവസ്ഥ സൃഷ്ടിച്ചു. ഇവിടെ സമാജ്‌വാദി പാര്‍ട്ടി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.