ശബരിമലയിലെ പുല്ലുമേട്ടിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ശബരിമല പുല്ലുമേടിലുണ്ടായ അപകടം കേന്ദ്രസര്‍ക്കാര്‍ ദേശീയദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി അറിയിച്ചിട്ടുണ്ട്.
മരിച്ച തമിഴ്നാട് സ്വദേശികളുടെ ആശ്രിതര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 20,000 രൂപ വീതം സഹായം ലഭിക്കും. മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഒരു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 25,000 രൂപയും ധനസഹായം നല്‍കും.