മഠം ഒരു തുറന്ന പുസ്തകമാണ്: ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാതാ അമൃതാനന്ദമയി

പാലക്കാട്| WEBDUNIA|
PRO
PRO
ആശ്രമത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാതാ അമൃതാനന്ദമയിയുടെ വിശദീകരണം. മഠം ഒരു തുറന്ന പുസ്തകമാണെന്ന് അമൃതാനന്ദമയി പാലക്കാട് പറഞ്ഞു.

മഠം ഒരു തുറന്ന പുസ്തകമാണ്. ആശ്രമത്തിലെ വരുമാനത്തിന്റെ കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാറുണ്ട്. ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴാണ് ചിലര്‍ പുറത്തുവന്ന് പലതും പറയുന്നത്. എല്ലാം മറക്കാനും പൊറുക്കാനും താ‍ന്‍ ശ്രമിക്കുകയാണ്. തന്നെ സേവിക്കണമെന്ന് താന്‍ ആരോടും പറയാറില്ലെന്നും അമൃതാനന്ദമയി പറഞ്ഞു. മതവികാരം ഇളക്കിവിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

മുന്‍ ശിഷ്യയുടെ "ഹോളി ഹെല്‍: എ മെമ്മയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്" എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ആണ് അമൃതാനന്ദമയി മഠത്തിനെതിരെയുള്ള വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ആരോപണങ്ങളോട് ഇതാദ്യമായാണ് അമൃതാനന്ദമയി പ്രതികരിക്കുന്നത്.

പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അമൃതാനന്ദമയി മഠത്തിനെതിരേ കേസെടുക്കാനാവില്ലെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു‍. ആശ്രമത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഇന്ന് പ്രതികരിച്ചത്. അമൃതാനന്ദമയിയും മഠവും നല്‍കുന്ന സംഭാവനകള്‍ മറക്കരുത്. മുന്‍ കാലങ്ങളില്‍ അമൃതാനന്ദമയിയും മഠവും ചെയ്ത സേവനങ്ങള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആശ്രമവുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :