ബെര്‍ലിന്റെ വീട്ടില്‍ വിഎസിന് ‘ഊണു‌വിലക്ക്‘

കണ്ണൂര്‍| WEBDUNIA|
PRO
PRO
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉച്ചഭക്ഷണം കഴിക്കുന്നത് പാര്‍ട്ടി വിലക്കി. വെള്ളിയാഴ്ചത്തെ കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ വി എസ് കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. ഇതറിഞ്ഞ കുഞ്ഞനന്തന്‍ നായര്‍ അദ്ദേഹത്തെ ഉച്ചഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. പക്ഷേ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

വി എസും കുഞ്ഞനന്തന്‍ നായരും ഉറ്റ സുഹൃത്തുക്കളാണ്. മുമ്പ് വി എസ് കണ്ണൂരിലെത്തിയാല്‍ തങ്ങുന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ ആയിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടിക്ക് പുറത്തായി. പക്ഷേ ഇരുവരും തമ്മിലുള്ള സൌഹൃദത്തിന് ഒട്ടും കുറവ് വന്നില്ല. വി എസ് കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ എത്തിയപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ കാണാന്‍ പോയിരുന്നു. അദ്ദേഹം ആശുപത്രിയിലായിരിക്കുമ്പോഴായിരുന്നു വി എസിന്റെ സന്ദര്‍ശനം.

ഇത്തവണ വി എസിനെ സ്വീകരിക്കാന്‍ കുഞ്ഞനന്തന്‍ നായര്‍ വീട് മോടിപിടിപ്പിച്ചു. അദ്ദേഹത്തിന് ഉച്ചഭക്ഷണം ഒരുക്കി നല്‍കാനും തീരുമാനിച്ചു. എന്നാല്‍ പാര്‍ട്ടി പ്രദേശിക നേതൃത്വമാണ് ഇക്കാര്യത്തില്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചത്. തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. വി എസ് കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഊണുകഴിച്ചാല്‍ പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയതയുണ്ടാവും എന്നാണ് ഊണുമുടക്കികള്‍ കണ്ടെത്തുന്ന ന്യായീകരണം. ഊണിന് വിലക്കുണ്ടെങ്കിലും വി എസ് സുഹൃത്തിനെ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :