തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 29 ജൂലൈ 2017 (10:06 IST)
ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായി. പ്രത്യേക അന്വേഷണ സംഘമാണ് അക്രമികളെ പിടികൂടിയത്. ഇവരെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരുകയാണ്. ബിനീഷ് കോടിയേരിയുടെ മരുതം കുഴിയിലുള്ള വീടിനു നേരെ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയാണ് അക്രമമുണ്ടായത്.
അതിനിടെ, ബിനീഷിന്റെ വീട്ടിലേക്ക് അക്രമികൾ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാലു ബൈക്കുകളിലായി എത്തിയ എട്ടു പേരാണ് ആക്രമണം നടത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വ്യാഴാഴ്ച രാത്രിയാബ് സിപിഎം - ബിജെപി പ്രവർത്തകർ പരസ്പരം എതിർ കേന്ദ്രങ്ങളിൽ ആക്രമണങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമാണ് ബിജെപിയുടെ ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടത്.
ആക്രമണവുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലർ ഐ പി ബിനു അടക്കം അഞ്ചു സിപിഎം പ്രവർത്തകരെയും ആറു ബിജെപി പ്രവർത്തകരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചവരും പിടിയിലായത്. ബിനുവിനെയും മൂന്ന് എസ്എഫ്ഐ ഭാരവാഹികളെയും സിപിഎം സസ്പെൻഡ് ചെയ്യുകയും ചെയ്തു.