കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം തടവും 10000 രൂപ പിഴയുമാണ് സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവരിക ഏഴുവര്‍ഷത്തെ കഠിന തടവാണ്! അതേ, ഇനി ഏഴു വര്‍ഷത്തേക്ക് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ല.
അഴിമതി നിരോധന നിയമം അനുസരിച്ചു ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല എന്നാണ് നിയമം. ഇതും ഒരു വര്‍ഷത്തെ തടവും കൂടി കണക്കിലെടുത്ത് പിള്ളയ്ക്ക് ഏഴുവര്‍ഷം തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വരും. കേരള കോണ്‍ഗ്രസ്(ബി)യെപ്പോലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുഖ്യലക്‍ഷ്യമാക്കുന്ന ഒരു കക്ഷിക്ക് ഈ വിധി കനത്ത തിരിച്ചടിയാണ്. തനിക്ക് ഇപ്പോള്‍ 76 വയസായെന്നും തന്‍റെ അന്ത്യം ചിലപ്പോള്‍ ജയിലിലായേക്കാമെന്നുമാണ് ബാലകൃഷ്ണപിള്ള ഈ വിധിയോട് പ്രതികരിച്ചത്.
ബാലകൃഷ്ണപിള്ളയ്ക്ക് മത്സരിക്കാനായില്ലെങ്കിലും മകന്‍ കെ ബി ഗണേഷ്കുമാര്‍ തെരഞ്ഞെടുപ്പുകളില്‍ സജീവമായുണ്ടാകും എന്നത് കേരളാ കോണ്‍ഗ്രസ്(ബി)യ്ക്ക് ആശ്വാസമാണ്. മാത്രമല്ല, യു ഡി എഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ഗണേഷ് ജയിച്ചാല്‍ മന്ത്രിയാകുമെന്ന കാര്യവും ഉറപ്പാണ്.
ബാലകൃഷ്ണ പിള്ളക്കെതിരായ കേസ് വി എസ് അച്യുതാനന്ദന്‍റെ രാഷ്ട്രീയ പകപോക്കലാണെന്നാണ് ഗണേഷ് പ്രതികരിച്ചത്. വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ ആഗ്രഹം അനുസരിച്ചുമാത്രമേ ഇക്കാര്യത്തില്‍ നടപടിയുണ്ടാകൂ - ഗണേഷ് വ്യക്തമാക്കി.