ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കേസിന്‍റെ വിചാരണ കോടതിയായ കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കീഴടങ്ങാന്‍ സമയം ആവശ്യപ്പെട്ട് പിള്ളയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു.
ഈ മാസം 19 വരെയാണ് വാറണ്ടിന്‍റെ കാലാവധി. എന്നാല്‍ 18ന് രാവിലെ 11 മണിയോടെ കോടതിയില്‍ കീഴടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ബാലകൃഷ്ണപിള്ള അറിയിച്ചു. കീഴടങ്ങാനാണ് ഒരുങ്ങുന്നത്, അതിനുമുമ്പ് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ എന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ച വിവരവും ജാമ്യം റദ്ദാക്കിയ വിവരവും അറിയിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ അറിയിപ്പ് ബുധനാഴ്ചയാണ് ഇടമലയാര്‍ കേസ് പരിഗണിച്ച ഇടമലയാര്‍ കോടതിയില്‍ ലഭിച്ചത്. അറിയിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ കോടതി വാറണ്ട് അയയ്ക്കാന്‍ തയ്യാറെടുക്കവേയാണ് ബാലകൃഷ്ണപിള്ള കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കീഴടങ്ങാന്‍ തയ്യാറാണെന്നും തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി ഒരു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചത്.