വിവാദ വ്യവസായി ഫാരിസ് അബുബക്കറിനെ അനുകൂലിച്ച് കൂടുതല്‍ യു ഡി എഫ് നേതാക്കള്‍ രംഗത്തെത്തുന്നു. ഫാരിസ് വെറുക്കപ്പെട്ടവനാണെന്നത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മാത്രം അഭിപ്രായമാണെന്ന് വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വിഎസ് ആര്‍ക്കൊക്കെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് തനിക്ക് നോക്കേണ്ട കാര്യമില്ല. അത് നോക്കിയല്ല താന്‍ ആരോടും പെരുമാറുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പരിപാടിയ്ക്കിടെ കുഞ്ഞാലിക്കുട്ടി ഫാരിസിനൊപ്പം വേദി പങ്കിട്ടിരുന്നു. താന്‍ ഒരു പൊതുപരിപാടിയ്ക്ക് പോയതാണെന്നും അവിടെ ആരൊക്കെ ഉണ്ടെന്ന് തനിക്കു നോക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവിടെ ആരെയും കണ്ടാല്‍ ഓടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടാത്ത ഫാരിസ് ചെന്നൈ മലബാര്‍ മുസ്ലീം അസോസിയേഷന് മന്ദിരത്തിന്റെ തറക്കലിടല്‍ ചടങ്ങിലാണ് പങ്കെടുത്തത്. ഫാരിസ് വെറുക്കപ്പെടേണ്ടവനല്ലെന്നും ആദരിക്കപ്പെടേണ്ടവനാണെന്നും ചടങ്ങിനെത്തിയ കോണ്‍ഗ്രസ് നേതാവ് എം എം ഹസന് പ്രസംഗത്തിനിടെ അഭിപ്രായപ്പെടുകയും ചെയ്തു. പണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, ടി കെ ഹംസ തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു.