സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ. കേരള പബ്ലിക്ക് എക്‌സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പെന്‍ഷന്‍ പ്രായം ആദ്യം 55ല്‍ നിന്ന് 58 ആയും പിന്നീട് 60 ആയും ഉയര്‍ത്തണമെന്ന് ശുപാര്‍ശയില്‍ പറയുന്നു. ഡോ കെ കെ സുബ്രഹ്‌മണ്യന്‍ ചെയര്‍മാനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്ക് ആണ് നിയമസഭയില്‍ വച്ചത്.
നിയമനത്തിനുള്ള പ്രായപരിധി കുറയ്ക്കണമെന്ന ശുപാര്‍ശയും ഇതിലുണ്ട്. പി എസ് സിയില്‍ അപേക്ഷിക്കാവുന്ന പ്രായപരിധി നിലവിലെ 35ല്‍ നിന്ന് 33 ആയും പിന്നീട് 30 ആയും താഴ്ത്തണമെന്നും ശുപാര്‍ശയുണ്ട്.
സര്‍വീസില്‍ നിന്ന് 55 വയസില്‍ വിരമിച്ചാലും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനമായതിനാല്‍ വര്‍ഷങ്ങളോളം പെന്‍ഷന്‍ നല്‍കേണ്ടി വരുന്നുണ്ട്. അതുകൊണ്ട്, കര്‍മശേഷി പരമാവധി പ്രയോജനപ്പെടുത്താന്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതാണ് നല്ലതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.