ഹൈക്കോടതി അഭിഭാഷകന്റെ വീട്ടില്‍ ജോലിക്കുനിന്ന തമിഴ് ബാലികയുടെ മരണം ക്രൂരപീഡനം മൂലമെന്നു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ അശോകപുരം അശോക ടെക്സ്റ്റെയില്‍സിനു സമീപം വാടകക്കു താമസിക്കുന്ന ആനന്ദത്താശ്രമിയില്‍ അഡ്വക്കേറ്റ് ജോസ് കുര്യന്‍ (40), ഭാര്യ സിന്ധു (36), തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി നാഗപ്പന്‍ എന്ന നാഗരാജ് (47) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.
തമിഴ്‌നാട് ഗൂഡല്ലൂര്‍ അന്‍പുമണി നഗര്‍ അഞ്ജനയുടെ മകള്‍ ധനലക്ഷ്മിയാണ് (11) കഴിഞ്ഞ ദിവസം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തിലുടനീളം മാരകമായ മുറിവേറ്റിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മുറിവുകളാണിതെന്ന് പ്രാഥമിക സൂചന. സിഗരറ്റ് കുറ്റി ഉപയോഗിച്ചുള്ള പൊള്ളലുകളും ചൂടുവെള്ളം ദേഹത്തുവീണതിന്റെ ആഴമേറിയ വൃണങ്ങളും ശരീരത്തിലുണ്ടെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. പൊള്ളലില്‍ നിന്നേറ്റ അണുബാധയാണ് മരണകാരണമെന്നു പോലിസ് പറഞ്ഞു. എന്നാല്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ കാര്യത്തില്‍ വ്യക്തതയില്ല.
വീട്ടുവേലയ്‌ക്കു കുട്ടികളെ നല്‍കുന്ന ഗുരുവായൂര്‍ സ്വദേശി ഷൈലയില്‍നിന്നു 15,000 രൂപ നല്‍കിയാണു ധനലക്ഷ്‌മിയെ വീട്ടിലെത്തിച്ചതെന്നു പോലീസിനു വിവരം ലഭിച്ചു. കുട്ടിയെ അഭിഭാഷകന്റെ വസതിയിലേക്ക് എത്തിച്ച ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് നാഗപ്പനാണ്.
മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ ആലുവ പോലീസ് എത്തിയ വാഹനം യൂത്ത് കോണ്‍ഗ്രസ്, എഐവൈഎഫ്. പ്രവര്‍ത്തകര്‍ തടഞ്ഞതു കോലഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ സംഘര്‍ഷത്തിനിടയാക്കി.
പെണ്‍കുട്ടിയുടെ ബന്ധുക്കളും പിതാവുമാണെന്ന് അവകാശപ്പെട്ടെത്തിയ തമിഴ്‌നാട് തമിഴ്‌നാട് സ്വദേശികളായ വെള്ളയാന്‍ (34), ശെല്‍വരാജ് (32), മണി (30) പരസ്‌പരവിരുദ്ധമായ പെരുമാറ്റവും ദുരൂഹതയുണര്‍ത്തി. ഇവരിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.