കുടിയില്ലാതെ മലയാളിക്ക് ഒന്നും ആഘോഷിക്കാന്‍ കഴിയില്ല. ഓണമായാലും ക്രിസ്മസ് ആയാലും പുതുവത്സരമായാലും അതിന് മാറ്റമില്ല. പുതുവര്‍ഷത്തലേന്ന് മലയാളി കുടിച്ചു തീര്‍ത്തതിന്‍റെ കണക്കു കൂടി കേള്‍ക്കുമ്പോള്‍ ഇത് വ്യക്തമാകും.
പുതുവര്‍ഷത്തലേന്ന് കേരളത്തില്‍ വിറ്റഴിഞ്ഞത് 30 കോടി രൂപയുടെ മദ്യമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിഞ്ഞത് ചാലക്കുടി ഔട്ട്‌ലെറ്റിലാണ്. 16.62 ലക്ഷം രൂപയുടെ മദ്യം ചാലക്കുടിയില്‍ മാത്രം വിറ്റു.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്പനയില്‍ 28 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 195.11 കോടിയുടെ മദ്യമാണ് ഡിസംബര്‍ 21 മുതല്‍ 31 വരെയുള്ള പത്തു ദിവസങ്ങളില്‍ മലയാളി കുടിച്ചു തീര്‍ത്തത്.
ക്രിസ്മസിന്‍റെ തലേദിവസം സംസ്ഥാനം കുടിച്ചു തീര്‍ത്തത് 27.98 കോടിയുടെ മദ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26.07 ശതമാനം വര്‍ധനയായിരുന്നു കോര്‍പ്പറേഷന്‍റെ മദ്യവില്‍പ്പനയില്‍ ഉണ്ടായത്.
കഴിഞ്ഞ വിഷുവിനും ഓണത്തിനും സംസ്ഥാനത്ത് റേക്കോര്‍ഡ് മദ്യ വില്‍പനയായിരുന്നു നടന്നത്. ഓണത്തിന്‍റെ തലേദിവസം സംസ്ഥാനത്ത് 34.13 കോടി രൂപയുടെ മദ്യവില്‍പന നടന്നിരുന്നു. കുടിയില്ലാതെ മലയാളിക്ക് ആഘോഷമില്ല എന്നതിലേക്കാണ് മലയാളിയുടെ മദ്യപാനാസക്തി വിരല്‍ ചൂണ്ടുന്നത്.