സി പി എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും. ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ നല്കിയ പരാതിയില്‍ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നന്ദകുമാര്‍ നല്കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ശശിക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. യോഗാ - പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ പി ശശി ചികിത്സയില്‍ കഴിയുന്ന കാലത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയായ യുവതി സി പി എം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യമൊന്നും ഈ പരാതി കാര്യമാക്കാതിരുന്ന പാര്‍ട്ടി നേതൃത്വം, ശശിക്കെതിരായുള്ള ആരോപണങ്ങള്‍ ശക്തമായതോടെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.
തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശിയെ മാറ്റി നിര്‍ത്തുകയും ഒരു കമ്മീഷനെ അന്വേഷണത്തിനായി പാര്‍ട്ടി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ശശി കുറ്റക്കാരനാണെന്നാണ് കമ്മീഷന് കണ്ടെത്തിയത്. തുടര്‍ന്ന് ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.
ക്രൈം നന്ദകുമാര്‍ ശശിക്കെതിരെ നല്കിയ പരാതിയില്‍ രണ്ടു ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകും.