തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 25 ഫെബ്രുവരി 2009 (20:57 IST)
അഴിമതിക്ക് അതീതമായ പാര്‍ട്ടിയാണ് സി പി എമ്മെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്. കമ്യൂണിസ്റ്റുകാര്‍ അഴിമതിക്കാരല്ലെന്നും വി എസ് പറഞ്ഞു. നവകേരളമാര്‍ച്ചിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെ എന്നും പോരാടുന്ന പാര്‍ട്ടിയാണ് സി പി എം. പാര്‍ട്ടിയുടെ നേതാക്കള്‍ക്കെതിരെ അടുത്തകാലത്ത് ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായി. എന്നാല്‍ ഈ ആരോപണം ഉന്നയിക്കുന്ന യു ഡി എഫുകാര്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നവരാണ്. ബ്രഹ്മപുരം കേസില്‍ സി വി പത്മരാജനും, പാമൊലിന്‍ കേസില്‍ കെ കരുണാകരനും, ഇടമലയാര്‍ കേസില്‍ ആര് ബാലകൃഷ്ണപിള്ളയും ഉള്‍പ്പെട്ടിരുന്നു. ഈ അഴിമതിക്കേസുകള്‍ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
സി പി എം നേതാക്കളുടെ പേരില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ രണ്ട് രീതിയില്‍ നേരിടുമെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. ഒന്ന് രാഷ്ട്രീയമായി. രണ്ട് നിയമപരമായി. നിയമപരമായി നേരിട്ട് നിരപരാധിത്വം തെളിയിക്കട്ടെ. ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവരോടും ഇതേ പറയാനുള്ളൂ - വി എസ് പറഞ്ഞു.
പിണറായി വിജയനെ പരോക്ഷമായിപ്പോലും വിമര്‍ശിക്കാന്‍ വി എസ് തയ്യാറായില്ല എന്നത് ശ്രദ്ധേയമായി. വി എസ് പ്രസംഗിക്കുമ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകരും ആവേശഭരിതരാകുകയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്തില്ല.