പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ ആദായനികുതി വകുപ്പിന്റെ വലയില്‍
മുംബൈ|
WEBDUNIA|
PRO
PRO
എഡിഎംകെ നേതാവ് ജെ ജയലളിതയുടെ പ്രിയങ്കരനായ ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ ആദായനികുതി വകുപ്പിന്റെ വലയില്‍. മൂന്നു ലക്ഷം രൂപ ആദായ നികുതിയായി പണിക്കര്‍ അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ജയലളിത ദക്ഷിണയായി നല്‍കിയ 10 ലക്ഷം രൂപയുടെയും മറ്റും നികുതി അടയ്ക്കാതിരുന്നതാണ് പണിക്കര്‍ക്ക് വിനയായത്.
2001ല്‍ ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന് പണിക്കര്‍ പ്രവചിച്ചിരുന്നു. 2002ല്‍ പ്രവചനംപോലെ എഡിഎംകെ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ അധികാരത്തില്‍ വന്നു. ക്രിമിനല്‍ കേസുണ്ടായിരുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ പോയ ജയലളിത എംഎല്‍എ ആവാതെ മുഖ്യമന്ത്രിയുമായി.
ജയലളിതയ്ക്ക് ഏറ്റവും വിശ്വസ്തനായ ജ്യോതിഷ പണ്ഡിതനാണ് ഉണ്ണികൃഷ്ണ പണിക്കര്‍. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം പണിക്കരുടെ നിര്‍ദ്ദേശപ്രകാരമാണ് ജയലളിത ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടയ്ക്കിരുത്തിയതും. 2002ല്‍ പണിക്കരെ ചെന്നൈ ആസ്ഥാനമായുള്ള സ്വാതിതിരുനാള്‍ കലാകേന്ദ്രം ജ്യോതിഷ പുരസ്കാര്‍ പദവി നല്‍കി ആദരിച്ചിരുന്നു.
മുഖ്യമന്ത്രിയായ സന്തോഷത്തിലും പ്രവചനം ഫലിച്ചതിനെയും തുടര്‍ന്ന് ജയലളിത 10 ലക്ഷം രൂപ പണിക്കര്‍ക്ക് സമ്മാനമായി നല്‍കി. ഈ തുകയുടെ നികുതിയാണ് പണിക്കര്‍ അടയ്ക്കാതിരുന്നത്. നികുതി അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് പണിക്കര്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ തനിക്ക് ഈ തുക ലഭിച്ചത് ബിസിനസിലൂടെയല്ലെന്നും പാരിതോഷികമായതിനാല്‍ നികുതി ഒടുക്കാനാവില്ലെന്നുമായിരുന്നു പണിക്കരുടെ നിലപാട്.
2002-03 വര്‍ഷത്തില്‍ തനിക്ക് 2.67 ലക്ഷം രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് പണിക്കര്‍ ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച റിട്ടേണില്‍ പറഞ്ഞിരുന്നത്. അതില്‍ 1.89 ലക്ഷം രൂപ ജ്യോതിഷത്തില്‍ നിന്നുള്ള വരുമാനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കൂടാതെ 10 ലക്ഷം രൂപ ചില വ്യക്തികളില്‍ നിന്ന് സമ്മാനമായി ലഭിച്ചുവെന്നും ഈ തുകയെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. തുക നല്‍കിയവരുടെ പേരുവിവരങ്ങളും ഹാജരാക്കി.
എന്നാല്‍ പണിക്കരുടെ ഈ നിലപാട് അംഗീകരിക്കാന്‍ ആദായനികുതി വകുപ്പ് ട്രൈബ്യൂണല്‍ തയ്യാറായില്ല. മൂന്നു ലക്ഷം രൂപ നികുതി ഇനത്തില്‍ അടയ്ക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. ഇതിനെതിരേ ഉണ്ണികൃഷ്ണ പണിക്കര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കഴിഞ്ഞ മാസം ഹര്‍ജി തള്ളിയ കോടതി നികുതി അടയ്ക്കാന്‍ ഉത്തരവിട്ടു. പൂജകളും പ്രവചനങ്ങളും മറ്റും ജ്യോതിഷിയുടെ ജോലിയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പണിക്കരുടെ നിലപാട് തള്ളിയത്.