പത്താംക്ലാസുകാരന്‍ സ്കൂളിന് സമീപം കൊല്ലപ്പെട്ട നിലയില്‍
ആലപ്പുഴ|
WEBDUNIA|
PRO
PRO
തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയെ അവസാനം കഴുത്തറുത്ത നിലയില്‍ പഠിച്ചിരുന്ന സ്കൂളിന്റെ ഇടനാഴിയില്‍ കണ്ടെത്തി. കുട്ടനാട്ടിലെ ചാത്തങ്കരി പുളിക്കീഴ് നമ്മനശേരി മന്നത്തുപറമ്പില്‍ വര്‍ഗീസ് മാത്യുവിന്റെ (പൊന്നച്ചന്‍) മകന്‍ ലിജിന്‍ വര്‍ഗീസിനാണ് (15) ഈ ദാരുണമായ അന്ത്യം ഉണ്ടായത്. ഒന്‍പതില്‍ നിന്ന് പത്തിലേക്ക് ജയിച്ച വിദ്യാര്‍ത്ഥി സ്കൂളില്‍ വച്ചുതന്നെ ക്രൂരമായി കൊല്ലപ്പെട്ടത് നാട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട്.
മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസുകാര്‍ക്ക് തിങ്കളാഴ്ച മുതല്‍ സ്പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ രാവിലെ ഒന്‍പത് മണിക്ക് വീട്ടില്‍ നിന്ന് പുറത്തുപോയ ലിജിന്‍ വര്‍ഗീസ് സ്കൂളില്‍ എത്തിയില്ല. വീട്ടുകാര്‍ രാമങ്കരി പൊലീസില്‍ പരാതി നല്‍കിയിരുന്നു എങ്കിലും പൊലീസിനും ലിജിനെ കണ്ടെത്താനായില്ല. രാത്രി എറെയായിട്ടും ലിജിന്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നപ്പോള്‍ നാട്ടുകാര്‍ തന്നെ തിരയാന്‍ ഇറങ്ങുകയായിരുന്നു.
നാട്ടുകാരും ലിജിന്റെ ബന്‌ധുക്കളും അടങ്ങിയ സംഘം രാത്രി 11.15-ഓടെ സ്കൂളില്‍ നടത്തിയ തിരച്ചിലിലാണ് സ്കൂളിന്റെ തെക്കേയറ്റത്തെ ഇടനാഴിയില്‍ കഴുത്തില്‍ മാരകമായ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തല വേര്‍പെട്ടിട്ടില്ല. കണ്ണുകള്‍ രണ്ടും പുറത്തേക്ക് തള്ളിയ നിലയിലാണ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
ലിജിന്‍റെ സഹപാഠിയായ മറ്റൊരു കുട്ടിയെ കൂടി കാണാതായിട്ടുണ്ട്. സംഭവത്തില്‍ പുളിങ്കുന്ന് സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന് അറിവായിട്ടില്ല.