പച്ചക്കറികളുടെ വില കൂടുന്നു

കൊച്ചി | M. RAJU| Last Modified ശനി, 5 ഏപ്രില്‍ 2008 (14:39 IST)
സംസ്ഥാനത്ത് പച്ചക്കറികളുടെ വില കൂടുന്നു. കനത്ത മഴ മൂലം തമിഴ്നാട്ടില്‍ പച്ചക്കറി കൃഷി നശിച്ചതാണ് കേരളത്തില്‍ വില കൂടാന്‍ കാരണം.

ഈ മാസം പകുതി വരെ വിലക്കയറ്റം തുടരുമെന്ന് വ്യാ‍പാരികള്‍ പറയുന്നു. വില ഇനിയും കൂടുകയാണെങ്കില്‍ മലയാളികളുടെ വിഷു ആഘോഷത്തിന് മങ്ങലേല്‍ക്കും. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് വില കൂടാന്‍ തുടങ്ങിയത്. പയര്‍, തക്കാളി, ബീന്‍സ്, ക്യാരറ്റ് എന്നിവയ്ക്ക് വില കുത്തനെ കൂടിയിട്ടുണ്ട്.

മഴയ്ക്ക് മുമ്പ് കിലോയ്ക്ക് പത്ത് രൂപ ഉണ്ടായിരുന്ന പയറിന് തക്കാളിക്കും ഇപ്പോള്‍ ഇരുപത് രൂപയാണ് വില. കിലോയ്ക്ക് പത്ത് രൂപയായിരുന്ന ബീന്‍സിന് 24 രൂപയായി. ക്യാരറ്റിന് പതിനാല് രൂപയാണ് ഇപ്പോഴത്തെ വില. ക്യാബെജ്, കോളിഫ്ലവര്‍ എന്നിവ ചീഞ്ഞളിഞ്ഞ നിലയിലാണ് വരുന്നത്.

അതിനാല്‍ ഇവയ്ക്ക് കമ്പോളത്തില്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. അരിക്കും പലവ്യഞ്ജനത്തിനും വില കൂടിയതിന് പുറമെ പച്ചക്കറിക്ക് കൂടി വിലകയറിയത് സാധാരണക്കാരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. വേനല്‍ മഴയില്‍ നാട്ടിലെ കൃഷി കൂടി നശിച്ചതിനാല്‍ വിഷുവിന് ഇത്തവണ വെള്ളരി ക്ഷാമം ഉണ്ടാകുമെന്ന് കച്ചവടക്കാര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :