aparna|
Last Modified ബുധന്‍, 6 സെപ്റ്റംബര്‍ 2017 (10:57 IST)
നടിയെ ആക്രമിച്ച കേസിലെ ഗ്ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് അമ്പത്തിയാറ് ദിവസത്തിനു ശേഷം ആദ്യമായി സ്വന്തം വീട്ടില്‍ എത്തി. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം താരം ജയിലില്‍ തിരിച്ചെത്തുകയും ചെയ്തു. അനുവദിച്ച രണ്ടു മണിക്കൂര്‍ പൂര്‍ത്തിയാകാന്‍ പത്ത് മിനിറ്റ് ബാക്കി നില്‍ക്കേ ദിലീപ് നല്ലകുട്ടിയായി ജയിലില്‍ തിരിച്ചെത്തി. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാലു മണിക്കൂര്‍ നേരം ആവശ്യപ്പെട്ടെങ്കിലും രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു കോടതി അനുവദിച്ചത്.
അച്ഛന് മരിച്ചതിനു ശേഷം എല്ലാവര്‍ഷവും താന്‍ പങ്കെടുക്കുന്ന ചടങ്ങാണെന്ന് പറഞ്ഞായിരുന്നു ദിലീപ് കോടതിയില്‍ നിന്നും അനുമതി വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദിലീപ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും മാനുഷിക പരിഗണനയുടെ പേരില്‍ ദിലീപിന് കോടതി അനുമതി നല്‍കുകയായിരുന്നു.
വീട്ടിലെത്തിയ ദിലീപിനെ കണ്ട് കാവ്യാ മാധവനും ദിലീപിന്റെ സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ വിതുമ്പിക്കരഞ്ഞു. ദിലീപ് വീട്ടിലെത്തിയ നിമിഷങ്ങൾക്കകം തന്നെ ചടങ്ങുകൾ ആരംഭിക്കുകയും ഒമ്പതുമണിയോടെ അവസാനിക്കുകയും ചെയ്തു. പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ ദിലീപിന്റെ പദ്മസരോവരത്തിലാണ് ചടങ്ങുകള്‍ നടന്നത്.
മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികണ് താരത്തിനുണ്ടായിരുന്നത്.