കൊല്ലം പുനലൂരില്‍ കല്ലടയാറ്റില്‍ നാലു യുവാക്കള്‍ മുങ്ങിമരിച്ചു. മുഖത്തല സ്വദേശികളാണ് മരിച്ചത്.
അഭിലാഷ്, സൂരജ്, ഹരിലാല്‍, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരില്‍ മൂന്നുപേര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മരിച്ച നാലുപേരും സുഹൃത്തുക്കളും ഒരേ നാട്ടുകാരുമാണ്. നാലു മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടേകാലോടെ അഖില്‍ എന്ന വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിയപ്പോള്‍ മറ്റു നാലുപേര്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു. അഖില്‍ രക്ഷപ്പെട്ടു. രക്ഷാശ്രമത്തിനിടയില്‍ ആണ് മറ്റ് നാലുപേരും മുങ്ങിപ്പോയത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. പത്തു പേരടങ്ങിയ സംഘം രാവിലെ മുതല്‍ ആറ്റില്‍ വന്നിരുന്നു. ഉച്ചയ്ക്കു ശേഷം കുളിക്കാനിറങ്ങിയപ്പോള്‍ ആയിരുന്നു അപകടം.
മുഖത്തല കൊട്ടാരം വീട്ടില്‍ രാജേന്ദ്രന് പിള്ളയുടെ മകനായ സൂരജ് (21) ഓയൂര്‍ ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളജ് അവസാന വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയും മുഖത്തല അരുണ്‍ നിവാസില്‍ രാധാകൃഷ്ണന്റെ മകനായ ഹരിലാല്‍ (20) വള്ളിക്കാവ് അമൃത എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയും മുഖത്തല കിളിപ്പള്ളി മേലതില്‍ വീട്ടില്‍ ശങ്കരപ്പിള്ളയുടെ മകന് അഭിലാഷ് (20) പെരുമണ്‍ എന്‍ജിനീയറിങ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമാണ്. മുഖത്തല പ്രദീപ് നിവാസില്‍ ശിവപ്രസാദിന്റെ മകന് പ്രവീണ്‍ (20) ടിപ്പര്‍ ലോറി ക്ലീനറാണ്.
ഇവര്‍ ഉള്‍പ്പെടെ മുഖത്തലയില്‍ നിന്നെത്തിയ പത്തു പേരടങ്ങിയ സംഘം രാവിലെ പത്തരയോടെയാണു വന്വിളയില് ചാലിയക്കര ഭാഗത്ത് പുഴയില്‍ കുളിക്കാനിറങ്ങിയത്. 12 മണിയോടെ ഭക്ഷണം കഴിച്ച ശേഷം വീണ്ടും ഇറങ്ങിയപ്പോഴായിരുന്നു ദുരന്തം. നാട്ടുകാരും മണല്‍വാരല്‍ തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് നാലു മൃതദേഹങ്ങളും കരയ്ക്കെടുത്തത്.