തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2009 (09:43 IST)
അഞ്ചാമത് ദേശീയ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് വൈകിട്ട് ആറരയ്ക്ക് ടാഗോര്‍ തിയേറ്ററില്‍ നാടകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരള സംഗീതനാടക അക്കാദമി ചെയര്മാന് മുരളി അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രശസ്ത സിനിമാ - നാടക അഭിനേത്രി സീമാ ബിശ്വാസ് മുഖ്യാതിഥിയായിരിക്കും. മാര്‍ച്ച് 12ന് മേള സമാപിക്കും.
എം ജി ജ്യോതിഷ് സംവിധാനം ചെയ്യുന്ന മാക്ബത്ത് ആണ് ഉദ്ഘാടന നാടകം. സ്റ്റുഡിയോ നാടകങ്ങളായിരിക്കും ഇത്തവണത്തെ ദേശീയ നാടകോത്സവത്തിന്റെ പ്രത്യേകത. ആധുനിക ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചു ചെയ്യുന്ന സ്റ്റുഡിയോ നാടകങ്ങള്‍ സംസ്ഥാനത്ത് ഇത് ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഇവയുടെ അരങ്ങ് വൈലോപ്പിള്ളി സംസ്കൃതിഭവനായിരിക്കും.
മായാ കൃഷ്ണറാവുവിന്റെ ഹെഡ്സ് ആര് മെന്റ് ഫോര്‍ വാക്കിംഗ് ഇന്റു(ബഹുഭാഷ), ശന്തനുബോസിന്റെ ആന്റിഗണി (ബംഗാളി), വീണാ പാണി ചൗളയുടെ ഹെയര്‍ ആന്‍ഡ് ദ ടോര്‍ട്ടസ്(ഇംഗ്ലീഷ് - മലയാളം), സുലേഖാ ചൗധരിയുടെ ഓണ്‍ സീയിംഗ്(ഇംഗ്ലീഷ്) എന്നിവയാണ് സ്റ്റുഡിയോ നാടകങ്ങള്‍.
ശങ്കര്‍ വെങ്കിടേശ്വരന്റെ സഹ്യന്റെ മകന്(ജാപ്പനീസ് - മലയാളം), ഹബീബ് തന്‍വീറിന്റെ ചരണ്‍ദാസ് ഛോര്‍(ഛത്തീസ്ഗഢ്), രാജീവ് കൃഷ്ണയുടെ സംഗതി അറിഞ്ഞോ?(മലയാളം- തമിഴ് - ഇംഗ്ലീഷ്), നീലം മാന്‍സിംഗിന്റെ ദി സ്യൂട്ട്(പഞ്ചാബി- ഇംഗ്ലീഷ്), പബ്രിത രാധയുടെ എ ചിക് എ സോംഗ്(ഗാരോ- മേഘാലയ), കന്‍ഹായി ലാലിന്റെ ടാക്ഘര്‍(മണിപ്പൂരി) എന്നിവയാണ് മേളയിലെ മറ്റ് നാടകങ്ങള്‍.
ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ഭാരത്രംഗ് മഹോത്സവത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങളാണ് മേളയിലുള്പ്പെടുത്തിയിരിക്കുന്നത്.