ദേശീയപാത വികസനം 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി വി എസ് അച്യുദാനന്ദന്റെ ചേംബറില്‍ സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനമായത്.
ദേശീയപാത വികസിപ്പിക്കുമ്പോള്‍ ഭൂമി വിട്ടുകൊടുക്കേണ്ടിവരുന്നവര്‍ക്കുള്ള നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജിനും ധാരണയായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന തുക കഴിഞ്ഞുള്ളതു സംസ്ഥാന സര്‍ക്കാര്‍ നല്‍കാനും ധാരണയായി.
പുനരധിവാസം സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭാ യോഗം ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ യോഗമാണ് തിങ്കളാഴ്ച നടന്നത്.
അതേസമയം ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല. യു ഡി എഫ് നയിക്കുന്ന കേരള മോചനയാത്ര തിങ്കളാഴ്ച മഞ്ചേശ്വരത്ത് ആരംഭിച്ചതിലാണിത്. പ്രതിപക്ഷ ഉപനേതാവ് ജി കാര്‍ത്തികേയനാണ് ഉമ്മന്‍ ചാണ്ടിക്ക് പകരം പങ്കെടുത്തത്.
സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ച ശേഷം എംപിമാരും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും ചേര്‍ന്നു സമ്മര്‍ദം ചെലുത്താനാണു ധാരണ. കാസര്‍കോട് ഭാഗത്ത് ഇപ്പോള്‍ തന്നെ 60 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. പാക്കേജ് അംഗീകരിച്ചാല്‍ ഇവിടെ നിന്നു പണി തുടങ്ങാനാണ് ആലോചനയെന്നും മന്ത്രി എം വിജയകുമാര്‍ പറഞ്ഞു.