തിരുവനന്തപുരം|
സജിത്ത്|
Last Modified വ്യാഴം, 16 നവംബര്‍ 2017 (18:01 IST)
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടിയേരിക്ക് മറുപടിയുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. തോമസ് ചാണ്ടിയുടെ രാജി വൈകിയതാണ് യുഡിഎഫിന് സാഹായകമായത്. രാജി വിഷയത്തിന്റെ ഒരു ക്രെഡിറ്റും സിപിഐക്ക് വേണ്ട.അതെല്ലാം ആര്‍ക്കു വേണമെങ്കിലും എടുക്കാം. മന്ത്രി രാജിവയ്ക്കുമെന്ന് ആരുടെയെങ്കിലും മനസിലുണ്ടായിരുന്നെങ്കിൽ അത് സിപിഐ അറിഞ്ഞിരുന്നില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
ആലപ്പുഴ ജില്ലാ കളക്ടര്‍ നല്കിയ റിപ്പോർട്ടിൽ ലഭിച്ച നിയമോപദേശമൊന്നു റവന്യുമന്ത്രിയെ ഇതുവരെ അറിയിച്ചിട്ടില്ല. കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ നല്കിയ റിപ്പോർട്ട് റവന്യൂമന്ത്രിയാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ഈ റിപ്പോർട്ടിൽ ലഭിച്ച നിയോമപദേശം ആദ്യം അറിയിക്കേണ്ടിയിരുന്നത് റവന്യുമന്ത്രിയെ ആയിരുന്നുവെന്നും എന്നാൽ അതുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ കോടതിയിൽ കേസ് കൊടുക്കുകയും ഭരണഘടനാ ലംഘനം നടത്തുകയും ചെയ്ത ഒരു വ്യക്തി അഗംമായിട്ടിരിക്കുന്ന മന്ത്രിസഭയിൽ സിപിഐ മന്ത്രിമാരുണ്ടാകില്ലെന്ന് നേരത്തെ സൂചന നൽകിയിരുന്നു. 14 ാം തീയതി രാത്രിയോ പിറ്റേന്ന് രാവിലെയോ മന്ത്രിയുടെ രാജി സംബന്ധിച്ച് സിപിഐക്ക് ഒരുഉറപ്പും ആരും നൽകിയില്ല. ഈ കമ്യൂണിക്കേഷൻ ഗ്യാപ്പാണ് പ്രശ്നം വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി മന്ത്രിസഭയിൽ തുടർന്നതാണ് സോളാർ കേസിൽ പ്രതിരോധത്തിലായ പ്രതിപക്ഷത്തിന് പിടിവള്ളിയായത്. ചാണ്ടി വിഷയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അത് രാജിയോടെ അവസാനിച്ചതായും സിപിഐ പ്രകാശ്ബാബു പറഞ്ഞു.