കാക്കനാട്|
WEBDUNIA|
Last Modified ഞായര്‍, 10 ഏപ്രില്‍ 2011 (13:54 IST)
PRO
PRO
എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആദ്യാവസനം എസ്.എം.എസിലൂടെ വിശകലനം ചെയ്യുമെന്ന് കളക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്. തെരഞ്ഞെടുപ്പു രംഗത്തെ ചലനങ്ങള്‍ സുവ്യക്തമായി നിരീക്ഷിക്കാനാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുക. വരണാധികാരികള്‍ക്ക് പ്രിസൈഡിങ് ഓഫിസര്‍മാര്‍ വിതരണകേന്ദ്രത്തില്‍ നിന്ന് സന്ദേശം അയച്ചുതുടങ്ങുന്നതോടെ പദ്ധതി പ്രാവര്‍ത്തികമായി തുടങ്ങും.
ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിംഗ് കേന്ദ്രത്തിലേക്കും നിയോഗിക്കുന്ന പ്രിസൈഡിങ് ഓഫിസര്‍മാരുടെയും പോളിംഗ് ഓഫിസര്‍മാരുടെയും മൊബൈല്‍ നമ്പരുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക ഡാറ്റാശേഖരത്തിലാക്കി കഴിഞ്ഞു. വിതരണകേന്ദ്രത്തില്‍ നിന്നു മാത്രമേ ഓരോ സംഘത്തിനുമുള്ള പോളിംഗ് ബൂത്തേതെന്ന് അറിയാന്‍ സാധിക്കൂ. ഇതറിയുന്നതോടെ ഓരോ സംഘവും അവരുടെ മൊബൈല്‍ നമ്പറുകള്‍ പോളിംഗ് ബൂത്ത് നമ്പര്‍ ക്രമത്തില്‍ രജിസ്റ്റര്‍ ചെയ്യണം. പോളിംഗ് ബൂത്ത് സംബന്ധിച്ച അന്തിമ ഉത്തരവു ലഭിക്കുന്നതോടെ മൊബൈല്‍ രജിസ്റ്റര്‍ ചെയ്തതായി കാണിക്കുന്ന പോളിംഗ് ബൂത്ത് നമ്പര്‍ സഹിതമുള്ള ആദ്യ സന്ദേശം അയക്കണം.
പോളിംഗ് സാമഗ്രികള്‍ ലഭ്യമായാല്‍ ഉടന്‍ ഉദ്യോഗസ്ഥര്‍ അവ ലഭിച്ചതായുള്ള മെറ്റീരിയല്‍സ് ആക്സപറ്റഡ് സന്ദേശം അയക്കണം. അതത് പോളിംഗ് കേന്ദ്രത്തില്‍ എത്തിയാലുടന്‍ “പോളിംഗ് പാര്‍ട്ടി അറൈവ്ഡ്” എന്ന സന്ദേശമാണ് അയയ്ക്കേണ്ടത്. ഇവ അയക്കുന്നതിന് മൊബൈല്‍ രജിസ്ട്രേഷന് ആവശ്യമില്ല. എന്നാല്‍, പോളിംഗ് ദിനത്തിലെ സന്ദേശങ്ങള്‍ അയക്കാന്‍ രജിസ്ട്രേഷന് അത്യാവശ്യമാണ്. അതിനാല്‍ പോളിംഗ് കേന്ദ്രത്തിലേക്ക് നീങ്ങുന്ന സംഘങ്ങള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിക്കുന്നത് പോളിംഗ് ദിനത്തില്‍ രാവിലെ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ നടത്തുന്ന മോക് പോളോടെയാകും. മോക് പോള്‍ നടത്തിയാലുടന്‍ “മോക്പോള്‍ കണ്ടക്റ്റഡ്” സന്ദേശമാകും അയയ്ക്കുക. തെരഞ്ഞെടുപ്പു തുടങ്ങിയാലുടന്‍ “പോള്‍ സ്റ്റാര്‍ട്ടഡ്” എന്ന സന്ദേശവും അയച്ചിരിക്കണം. രാവിലെ ഒമ്പതിനും പതിനൊന്നിനും ഉച്ചയ്ക്കുശേഷം ഒന്നിനും മൂന്നിനും അഞ്ചിനും രണ്ടുമണിക്കൂര്‍ ഇടവിട്ടുള്ള സമയത്തെ പോളിംഗ് നിരക്ക് ആണ്, പെണ് ക്രമത്തിലാണ് ഉദ്യോഗസ്ഥര്‍ എസ് എം എസിലൂടെ അറിയിക്കുക.
എസ് എം എസ് സന്ദേശങ്ങളുടെ പെരുമഴ അവസാനിക്കുക വൈകുന്നേരം അഞ്ചിന് പോളിംഗ് അവസാനിക്കുന്ന സമയത്ത് ക്യൂവിലുള്ളവര്‍ എത്രയെന്നുള്ള സന്ദേശം തിരഞ്ഞെടുപ്പ് വിതരണ കേന്ദ്രത്തില്‍ അറിയിക്കുന്നതോടെയാണ്. വോട്ടെടുപ്പ് തടസ്സപ്പെടുകയോ പുനരാരംഭിക്കുകയൊ ചെയ്താല്‍ അക്കാര്യം അറിയിക്കാന്‍ പ്രത്യേക സന്ദേശവാക്യങ്ങളും ഉണ്ടായിരിക്കും.