തൃക്കുന്നത്ത്: ഓര്‍മ്മപ്പെരുന്നാള്‍ ശാന്തം

ആലുവ| WEBDUNIA|
തൃക്കുന്നത്ത് സെമിനാരി പള്ളിയിലെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷം ശാന്തമായി നടന്നു. ഇരുസഭകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ക്ക് പ്രത്യേക സമയമായിരുന്നു ഇന്ന് പ്രാര്‍ത്ഥനയ്ക്ക് അനുവദിച്ചിരുന്നത്.

ഓര്‍ത്തഡോക്‌സ് സഭയെ ഭയമില്ലെന്നും സര്‍ക്കാരിന്‍റെ സുരക്ഷാസംവിധാനത്തെ താന്‍ അനുസരിക്കുകയാണ്‌ ചെയ്‌തതെന്നും ബാവ പറഞ്ഞു. ആലുവ റൂറല്‍ എസ് പിയ്‌ക്കായിരുന്നു ക്രമസമാധാന ചുമതല. മെറ്റല്‍ ഡിറ്റെക്‌ടറിലൂടെയാണ്‌ വിശ്വാസികളെ സെമിനാരിയിലേക്ക്‌ കടത്തിവിട്ടത്‌. കബറിടത്തില്‍ വിശ്വാസികള്‍ക്ക്‌ അഞ്ചു മിനിറ്റ്‌ പ്രാര്‍ത്ഥിക്കാനാണ്‌ അനുമതി നല്‍കിയത്‌.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് രാവിലെ ഏഴുമണി മുതല്‍ 11 വരെയും യാക്കോബായ വിഭാഗത്തിന് ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകിട്ട് അഞ്ചുവരെയുമാണ് പ്രാര്‍ത്ഥനാസമയം അനുവദിച്ചിരുന്നത്. ശ്രേഷ്‌ഠ ബാവയ്‌ക്കും മെത്രാന്മാര്‍ക്കും ഒരു മണിക്കൂര്‍ അനുവദിക്കണമെന്നായിരുന്നു യാക്കോബായ സഭയുടെ ആവശ്യം. എന്നാല്‍ ഇതിനെ ഓര്‍ത്തഡോക്‌സ് വിഭാഗം എതിര്‍ത്തിരുന്നു. ശ്രേഷ്‌ഠ ബാവ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ പ്രാര്‍ത്ഥന നടത്തി മടങ്ങി.

തര്‍ക്കം നിലനില്‍ക്കുന്ന പശ്‌ചാത്തലത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഹൈക്കോടതി നിയോഗിച്ച അഭിഭാഷകന്‍റെ നിരീക്ഷണത്തിലായിരുന്നു ഞായറാ‍ഴ്ച ഓര്‍മ്മപ്പെരുന്നാള്‍ നടന്നത്. ഇദ്ദേഹം രണ്ടു ദിവസം ഇവിടെയുണ്ടാകും. പെരുന്നാള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഈ മാസം 29നു സമര്‍പ്പിക്കണമെന്ന് അഭിഭാഷകനോട്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :