കേരളത്തില്‍ മത തീവ്രവാദം വളര്‍ത്തിയത് അബ്ദുള്‍ നാസര്‍ മദനിയാണെന്ന് എ പി അബ്ദുള്ളക്കുട്ടി എം പി. മദനിയുടെ വികാരപരമായ പ്രസംഗങ്ങള്‍ കേട്ടാണ് കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ കശ്മീരിലേക്ക് തീവ്രവാദികളായി പോയതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ സൃഷ്ടിച്ച പാര്‍ട്ടിയാണ് പിഡിപി. ആ പാര്‍ട്ടിയുമായാണ് സിപിഎം കൂട്ടുകൂടിയിരിക്കുന്നതെന്നും അബ്ദ്ദുള്ളക്കുട്ടി ആരോപിച്ചു. കുറ്റിപ്പുറത്ത് യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്‍റെ പ്രസംഗങ്ങള്‍ തെറ്റായിപ്പോയി എന്നു പറയാന്‍ മദനി തയ്യാറാകണം. കുറ്റം ഏറ്റുപറയാന്‍ തയ്യാറായാല്‍ മദനിക്ക് മാപ്പുനല്‍കാന്‍ തയ്യാറാണ്. മതേതരത്വം ഉണ്ടാകണമെങ്കില്‍ ബഷീറും അഹമ്മദുമടക്കമുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് ക്ഷയിച്ചപ്പോഴാണ് വര്‍ഗ്ഗീയത ശക്തിപ്പെട്ടതെന്ന പ്രസ്താവന അബ്ദുള്ളക്കുട്ടി ആവര്‍ത്തിച്ചു.
സിപിഎം വികസനവിരുദ്ധ നയമാണ് പിന്തുടരുന്നത്. അത് ചോദ്യം ചെയ്തതിനാണ് പാര്‍ട്ടി എന്നെ പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്ന് ഒരിക്കലും എനിക്ക് നീതി കിട്ടിയിട്ടില്ല. വികസനത്തിന്‍റെ കാര്യത്തില്‍ സിപിഎം 20 വര്‍ഷം പിന്നിലാണ്. ആന്‍റണി സര്‍ക്കാര്‍ വികസന മാതൃകയായി ജിം നിക്ഷേപ സംഗമം നടത്തിയപ്പോള്‍ അനാവശ്യ ഹര്‍ത്താലുകള്‍ നടത്തി ഇവിടുത്തെ വികസനങ്ങള്‍ ഇല്ലാതാക്കിയവരാണ് സിപിഎം എന്ന് ജനങ്ങള്‍ മനസിലാക്കണം - അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമ രാഷ്ട്രീയത്തിന്‍റെ കാലം കേരളത്തില്‍ അവസാനിച്ചു എന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി, പിണറായി വിജയന്‍ കാര്യങ്ങള്‍ മനസിലാക്കണമെന്നും ആവശ്യപ്പെട്ടു. കാലുമാറ്റത്തിന്‍റെ ഉപ്പാപ്പയാണ് ടി കെ ഹംസ. എം എല്‍ എ സ്ഥാനത്തിന് വേണ്ടി ഡിസിസി പ്രസിഡന്‍റ് സ്ഥാനം വലിച്ചറിഞ്ഞ വ്യക്തിയാണ് ഹംസ. കെ ടി ജലീല്‍ കാലുമാറ്റത്തിന്‍റെ എളാപ്പയാണെന്ന് പറഞ്ഞ അദ്ദേഹം ജലീലിന് കാര്യങ്ങള്‍ വഴിയേ മനസിലാകുമെന്നും പറഞ്ഞു. എം എല്‍ എ ശമ്പളത്തിന്‍റെ വിഹിതം പാര്‍ട്ടിക്ക് കൊടുക്കേണ്ടി വരുമെന്നതിനാലാണ് ജലീല്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കാത്തതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.