സംസ്ഥാനത്ത് മാര്‍ച്ച് 14 മുതല്‍ എസ് എസ് എല്‍ സി പരീക്ഷ ആരംഭിക്കും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 14ന് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷ ഈ മാസം 27നാണ് അവസാനിക്കുക. 4, 58, 887 കുട്ടികളാണ് ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്കായി 2,732 പരീക്ഷാകേന്ദ്രങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ആയിരിക്കും പരീക്ഷ.
ഗള്‍ഫില്‍ 511 പേരും ലക്ഷദ്വീപില്‍ 1055 പേരും പരീക്ഷയെഴുതും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8721 പേര്‍ ഇക്കുറി കൂടുതലാണ്. 4752 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതുന്നുണ്ട്. പരീക്ഷയെഴുതുന്നവരില്‍, 2, 28, 653 പേര്‍ ആണ്‍കുട്ടികളും 2, 30, 234 പേര്‍ പെണ്‍കുട്ടികളുമാണ്. മലപ്പുറം വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് - 75, 556 പേര്‍. ഏറ്റവും കുറവ് വയനാട്ടിലാണ് - 11, 069 പേര്‍.
പട്ടം സെന്റ് മേരീസ് സ്കൂളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 1401 പേര്‍. എറണാകുളത്തെ വെല്ലിംഗ്ടണ്‍ ഐലന്‍ഡ് ഗവ: ഹൈസ്കൂള്‍, പത്തനം തിട്ടയിലെ എലിമുള്ളംപ്ലാക്കല്‍ ഗവ: എച്ച് എസ് എന്നിവിടങ്ങളില്‍ നാലും കണ്ണൂര്‍ ജയബി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ മൂന്നും വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നു. ഇവരാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികളെ പരിക്ഷയ്ക്കിരുത്തുന്നതും.
ഏപ്രില്‍ ഒന്നു മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും. മൂല്യനിര്‍ണയം പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ഏപ്രില്‍ അവസാനം അല്ലെങ്കില്‍ മെയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. മൂല്യനിര്‍ണയത്തിനായി 54 മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ ആയിരിക്കും തയ്യാറാക്കുക. തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുള്ളവരെ പരീക്ഷാസംബന്ധമായ ജോലികള്‍ക്ക് നിയോഗിച്ചിട്ടില്ല.