ട്രെയിനില്‍നിന്ന്‌ വീണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു

തൃശൂര്‍| WEBDUNIA|
PRO
ട്രെയിനില്‍ നിന്ന്‌ വീണ്‌ ഗുരുതരമായി പരുക്കേറ്റ്‌ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പതിനഞ്ചുകാരി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ പരിശോധിച്ച ഗൈനക്കോളജി സംഘമാണ് ഇക്കാര്യം പറഞ്ഞത്.

പുതുക്കാടുള്ള ഒരു സ്വകാര്യ സിറാമിക്‌സ്‌ കമ്പനിയിലെ ജീവനക്കാരനായ ഒറീസ സ്വദേശി ഭരതിന്റെ മകള്‍ നന്ദിനി (15) ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് മംഗള എക്സ്പ്രസ് കടന്നു പോയപ്പോഴാണ് നന്ദിനിയെ തൃശൂര്‍ ചെമ്പിശേരിയില്‍ റെയില്‍വേ ട്രാക്കില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

അനുജത്തിക്കൊപ്പം 15,000 രൂപയുമായി വീടുവിട്ടിറങ്ങിയ ഒറീസ സ്വദേശിനിയുടെ കൂടെ യുവാവായ സുഹൃത്തും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ പണം മോഷ്‌ടിച്ചശേഷം പെണ്‍‌കുട്ടിയെ ട്രെയിനില്‍ നിന്നു തള്ളിയിടുകയായിരുന്നുവെന്നാണ്‌ സൂചന. സഹാദരിക്കൊപ്പമുണ്ടായിരുന്ന 'ബഡാഭായി' ആണ്‌ തള്ളിയിട്ടതെന്ന്‌ അനുജത്തി പോലീസിന്‌ മൊഴി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, നന്ദിനിക്കൊപ്പമുണ്ടായിരുന്ന നാലുവയസുകാരിയായ അനുജത്തി പ്രമോദിനിയെ എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷനില്‍ കോര്‍ബ-തിരുവനന്തപുരം എക്‌സ്‌പ്രസില്‍നിന്ന് കണ്ടെത്തിയത് ദൂരൂഹതയ്ക്ക് കാരണമാവുന്നു. നന്ദിനിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത് പുതുക്കാടു നിന്ന്‌ വടക്ക്‌ തൃശൂരും കഴിഞ്ഞാണ്. എന്നാല്‍, അനുജത്തിയെ കണ്ടത് പുതുക്കാടിന് തെക്ക് എറണാകുളത്തും.

നന്ദിനിയുടെ സുഹൃത്തിനു വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാളുമായി നന്ദിനിക്ക് നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :