റെയില്‍വേ ട്രാക്കില്‍ അയ്യപ്പഭക്തന്മാര് കുളിച്ചത് കാരണം ട്രെയിനുകള്‍ മൂന്നുമണിക്കൂര്‍ വൈകി. കേരളത്തില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തന്മാര് സഞ്ചരിച്ച രണ്ട് തീവണ്ടികള്‍ ചൊവ്വാഴ്ച രാവിലെ ഈറോഡില്‍ നിര്‍ത്തിയപ്പോഴാണ് ‘കുളി’ അരങ്ങേറിയത്.
നൂറുകണക്കിന് അയ്യപ്പന്മാര് തീവണ്ടിയിലെ ടാങ്കിലേക്ക് വെള്ളമടിക്കുന്ന പൈപ്പ് തുറന്ന് ട്രാക്കില്‍ നിന്ന് കുളിക്കാന്‍ തുടങ്ങി. പുറപ്പെടേണ്ട സമയമായി എന്ന് കാണിച്ച് തീവണ്ടി ഹോണടിച്ചെങ്കിലും അയ്യപ്പന്മാര് ട്രാക്കില്‍ നിന്ന് മാറിയില്ല. ഏഴ് മണിക്ക് തുടങ്ങിയ കുളി ഒന്‍പത് മണി വരെ നീണ്ടുനിന്നു. തുടര്‍ന്ന് പൊലീസ് എത്തി അയ്യപ്പന്മാരെ വിരട്ടിയോടിക്കുകയായിരുന്നു.
രണ്ട് തീവണ്ടികളിലായി അയ്യായിരത്തോളം അയ്യപ്പഭക്തന്മാരാണ് സഞ്ചരിച്ചിരുന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞെങ്കിലും വ്രതം അവസാനിപ്പിക്കുന്നത് വരെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിക്കണമെന്നാണ് വിശ്വാസം. എന്നാല്‍ ആയിരക്കണക്കിന് ഭക്തന്മാര് സഞ്ചരിക്കുന്ന തീവണ്ടിയില്‍ ഇതിനുള്ള സൌകര്യമില്ലതാനും. അതുകൊണ്ടാണ് ഇഷ്ടം പോലെ വെള്ളമുള്ള ഈറോഡില്‍ എത്തിയപ്പോള്‍ അയ്യപ്പഭക്തന്മാര് കുളിക്കാന്‍ ഇറങ്ങിയത്. ഏഴ് മണിക്ക് ഈറോഡില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ ഒന്‍പത് മണിക്ക് എടുക്കാനേ കഴിഞ്ഞുള്ളൂ.
ട്രാക്കില്‍ കുളിച്ച അയ്യപ്പന്മാരെ പൊലീസ് ലാത്തിവീശി ഓടിച്ചത് ഒട്ടും ശരിയായില്ലെന്ന് അയ്യപ്പഭക്തന്മാര് പിന്നീട് പറഞ്ഞു. അയ്യപ്പഭക്തന്മാര്ക്ക് വേണ്ട പ്രാഥമിക സൌകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ ദക്ഷിണ റെയില്‍വേ പരാജയമാണെന്നും തീവണ്ടികളില്‍ അത്യാവശ്യത്തിന് സൌകര്യം ഒരുക്കിയില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നും അവര്‍ പറയുകയുണ്ടായി. പല ബോഗികളിലും വെള്ളം പോലും ഉണ്ടായിരുന്നില്ലെന്ന് അയ്യപ്പഭക്തന്മാരല്ലാത്ത യാത്രക്കാര്‍ ആരോപിച്ചു.