വെള്ളൂരിന് സമീപം റയില്‍വെ ട്രാക്കില്‍ നിന്ന് ബോംബ് കണ്ടെടുത്ത സംഭവത്തില്‍
കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റിലായി. എറണാകുളം ഡിപ്പോയിലെ എംപാനല്‍ ഡ്രൈവറാണ് പിറവം വെളിയനാട് അഴകത്ത് വീട്ടില്‍ സെന്തില്‍കുമാറിനെയാണ് (37) ഷൊര്‍ണൂര്‍ പനയൂരിലെ ഒരു വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തു. പത്ത് മണിയോടെ വെള്ളൂരില്‍ കൊണ്ടുവന്ന് തെളിവെടുക്കും.
മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സെന്തില്‍ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോഴാണ് പൊലീസിന് ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ചത്. വീടിന്റെ മച്ചില്‍ മുകളില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികുടിയത്. തിരിച്ചറിയാതിരിക്കാനായി ഇയാള്‍ ക്ലീന്‍ ഷേവ് ചെയ്തിരുന്നു. ബോംബ് നിര്‍മ്മിക്കാന്‍ സെന്തിലിനെ സഹായിച്ച ആളെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
തോമസ് എന്നയാളോടുള്ള വ്യക്തി വൈരാഗ്യമാണ് ബോംബ് സ്ഥാപിക്കാന്‍ പ്രേരണയായതെന്ന് സെന്തില്‍ പൊലീസിനോട് സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ട്. കൈപ്പട്ടൂര്‍ സ്വദേശിയും എറണാകുളം-ചെറുകര റൂട്ടിലെ സ്വകാര്യബസ് ഡ്രൈവറുമായ തോമസിന്റെ മൊഴിയെതുടര്‍ന്നാണ് അന്വേഷണം സെന്തിലിലേക്ക് നീങ്ങിയത്. മുമ്പ് തോമസിനെ ആസിഡ് ഒഴിച്ച് കൊല്ലാന്‍ ഇയാള്‍ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സെന്തിലിന്റെ വീട്ടില്‍ നിന്ന് ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന വസ്‌തുക്കളുടെ ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു.