ടീകോം സിഇഒയെ മാറ്റണമെന്ന് പറഞ്ഞിട്ടില്ല: ശര്‍മ്മ

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 3 ജനുവരി 2011 (08:57 IST)
PRO
ടീകോം സി ഇ ഒയെ മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സ്‌മാര്‍ട്‌ സിറ്റി പദ്ധതി ചെയര്‍മാന്‍ മന്ത്രി എസ് ശര്‍മ്മ‍. ആരാകണമെന്നത് ടീകോമിന്‍റെ ആഭ്യന്തരകാര്യം മാത്രമാണെന്നും അക്കാര്യം ടീകോമിന് തീരുമാനിക്കാമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

അതേസമയം, സ്മാര്‍ട്‌ സിറ്റി സി ഇ ഒ ആയി ഫരീദ്‌ അബ്‌ദു റഹ്മാന്‍ തുടരുമെന്ന്‌ ടീകോം ഗ്രൂപ്പ്‌ സി ഇ ഒ അബ്ദുലത്തീഫ്‌ അല്‍മുല്ല അറിയിച്ചു. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സ്മാര്‍ട്‌ സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായകപങ്ക്‌ വഹിക്കുന്നത്‌ ഫരീദാണെന്നും അല്‍മുല്ല വ്യക്തമാക്കി.

ദുബായ്‌ സുപ്രീം ഫിസ്കല്‍ കമ്മറ്റിയുമായി ചേര്‍ന്നാണ്‌ ടീകോം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും അല്‍മുല്ല വ്യക്തമാക്കിയിരുന്നു. സ്വതന്ത്രാവകാശ ഭൂമിയെ സംബന്ധിച്ച്‌ മുന്‍ നിലപാടില്‍ ടീകോം ഉറച്ച്‌ നില്‍ക്കുന്നെന്നും പദ്ധതി നടപ്പിലാകുമെന്ന്‌ തന്നെയാണ്‌ തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഏതു സര്‍ക്കാര്‍ വന്നാലും പദ്ധതി നടപ്പാകണമെന്നാണ്‌ തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കിയ അല്‍മുല്ല കേരളത്തിന്‍റെയും സ്മാര്‍ട്‌ സിറ്റിയുടെ ആവശ്യങ്ങള്‍ യോജിപ്പിലെത്തിക്കാനാണ് എം എ യൂസഫലി ശ്രമിക്കുന്നതെന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :