ടിപി വധക്കേസ്; കൊലയാളി സംഘത്തിനും സിപിഎം നേതാക്കള്‍ക്കും ജീവപര്യന്തം

കോഴിക്കോട്| WEBDUNIA|
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ടിപി ചന്ദ്രശേഖരനെ വെട്ടിയ കൊലയാളി സംഘത്തിലെ ആറുപേര്‍ക്ക് ജീവപര്യന്തം തടവ്. സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ജീവപര്യന്തം തടവാണ് വിധിച്ചത്.

ടിപിയെ വധിക്കാനുപയോഗിച്ച വാളുകള്‍ ഒളിച്ചുവെച്ച ലംബൂപ്രദീപന് മൂന്നുവര്‍ഷം തടവ്ശിക്ഷയും പ്രഖ്യാപിച്ചു. രാവിലെ 11നാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപ്പിഷാരടി വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പേര്‍ക്കു വധശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

അന്യായമായ സംഘം ചേരല്‍,കൊലപാതകം, ഗൂഡാലോചന എന്നിവ സംബന്ധിച്ച വകുപ്പുകള്‍ ചുമത്തിയാണ് വിധിയില്‍ ശിക്ഷ പ്രഖ്യാപിച്ചത്.

ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി.കെ രജീഷ്, അഞ്ചാം പ്രതി കെ.കെ മുഹമ്മദ് ഷാഫി, ആറാം പ്രതി അണ്ണന്‍ സിജിത്ത്, ഏ‍ഴാം പ്രതി കെ. ഷിനോജ് എന്നീ കൊലയാളി സംഘാംഗങ്ങളെന്നറിയപ്പെടുന്നര്‍ക്കാണ് ജീവപര്യന്തവും അമ്പതിനായിരം രൂപ പിഴശിക്ഷയും വിധിച്ചത്

സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍, സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെസി രാമചന്ദ്രന്‍, പാനൂര്‍ കുന്നോത്ത്പറമ്പിലെ മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, വായപ്പടച്ചി റഫീഖ് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു.

തങ്ങള്‍ക്ക് പരമാവധി ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതികളും വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 2012 മെയ് 4 ന് രാത്രി 10.15 ഓടെയാണ് വടകരയ്ക്കടുത്തുള്ള വള്ളിക്കാട് വെച്ച് ഇന്നോവ കാറിലെത്തിയ ഏ‍ഴംഗ സംഘം ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :