മൂന്നാര്‍|
WEBDUNIA|
Last Modified വ്യാഴം, 31 മെയ് 2007 (18:55 IST)
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുന്നാറിലെ ഒഴിപ്പിക്കല്‍ നടപടി വ്യാഴാഴ്ച വീണ്ടും തുടങ്ങി. ടാറ്റാ ടീ കമ്പനിയില്‍ നിന്നും ഏറ്റെടുത്ത സ്ഥലമാണ് ഒഴിപ്പിക്കുന്നത്.
ദേശീയപാതയുടെ ദൂരപരിധി ലംഘിച്ച് ടാറ്റാ ടീ നടത്തിയ തേയില കൃഷി ചെയ്ത സ്ഥലമാണ് ഒഴിപ്പിക്കുന്നത്. പള്ളിവാസല്‍ മുതല്‍ പൈപ്പ് ലൈന്‍ വരെ 770 കിലോ മീറ്റര്‍ ദൂരത്തില്‍ രണ്ടര ഏക്കര്‍ സ്ഥലം ടാറ്റാ ടീ കയ്യേറി തേയിലകൃഷി നടത്തിയതായി പ്രത്യേക ദൊത്യസംഘം കണ്ടെത്തിയിരുന്നു. ഇവിടത്തെ തേയില ച്ചെടികള്‍ നീക്കം ചെയ്യണമെന്ന് ദൗത്യ സംഘം നോട്ടീസ് നല്‍കിയിരുന്നു.
ഈ നോട്ടീസിന്‍റെ കാലാവധി വ്യഴാഴ്ച രാവിലെ പത്തരയോടെ അവസാനിച്ചിട്ടും തേയിലച്ചെടികള്‍ നീക്കം ചെയ്യാന്‍ ടാറ്റ തയാറാകാത്ത സാഹചര്യത്തിലാണ് ദൗത്യസംഘം തേയിലച്ചെടികള്‍ പിഴുതു മാറ്റിയത്. ദൗത്യസംഘ തലവന്‍ സുരേഷ്കുമാര്‍, ഐ.ജി ഋഷിരാജ് സിംഗ്, ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ നടക്കുന്നത്.
അഞ്ച് ജെ.സി.ബികള്‍ ഉപയോഗിച്ചാണ് തേയിലച്ചെടികള്‍ പിഴുതുമാറ്റുന്നത്. ദേശീയ പാതയോരത്തും സംസ്ഥാന പാതയോരത്തുമായി നൂറേക്കറോളം ഭൂമി ടാറ്റ കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്.