തിരുവനന്തപുരം |
M. RAJU|
Last Modified തിങ്കള്‍, 1 ഡിസംബര്‍ 2008 (10:22 IST)
ക്രമസമാധാന ചുമതലയുള്ള പുതിയ ഡി.ജി.പിയായി ജേക്കബ്ബ് പുന്നൂസ് ചുമതലയേറ്റു. ഡി. ജി. പി. രമണ്‍ ശ്രീവാസ്‌തവ കേന്ദ്രസര്‍വീസിലേയ്‌ക്ക് പോകുന്ന ഒഴിവിലായിരുന്നു നിയമനം.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ജേക്കബ്ബ് പുന്നൂസ് ചുമതലയേറ്റത്. നിലവില്‍ വിജിലന്‍സ് ഡയറക്ടറായിരുന്നു ജേക്കബ്ബ് പുന്നൂസ്. രമണ്‍ ശ്രീവാസ്‌തവ ഇന്നു കേന്ദ്ര ആഭ്യന്തര സുരക്ഷാ സ്‌പെഷല്‍ സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കും. കേന്ദ്രത്തില്‍നിന്ന് അടിയന്തരനിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നാണു ശ്രീവാസ്‌തവ ഇന്നുതന്നെ ചുമതലയേല്‍ക്കുന്നത്.
രമണ്‍ശ്രീവാസ്തവ ഇന്ന് രാവിലെ പത്ത് മണിക്ക് ഔദ്യോഗികമായി സ്ഥാനമൊഴിയാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്രത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രമണ്‍ ശ്രീവാസ്തവ രാവിലെ ആറ് മണിക്ക് തന്നെ ഡല്‍ഹിക്ക് തിരിച്ചു. റാന്നി കുരുടാമണ്ണില്‍ കുടുംബാംഗമായ ജേക്കബ്ബ് പുന്നൂസ് 1975 ബാച്ചില്‍ സ്വര്‍ണമെഡല്‍ നേടിയാണ് ഐ.പി.എസ് പാസായത്.
തലശ്ശേരി എ.എസ്.പി ആയിട്ടായിരുന്നു സര്‍വീസിന്‍റെ തുടക്കം. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ അദ്ദേഹം നേടിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ എസ്.പി ആയി സേവനം അനുഷ്ടിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ജോയിന്‍റ് എകൈ്‌സസ് കമ്മീഷണര്‍, ബി.എസ്.എഫില്‍ ഡി.ഐ.ജി. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
95ല്‍ ദക്ഷിണമേഖലാ ഐ.ജിയായി. തുടര്‍ന്ന് അഡീഷണല്‍ ഡി.ജി.പിയും ഇപ്പോള്‍ ഡി.ജി.പിയും. കോഴിക്കോട് പ്രോവിഡന്‍സ് കോളജില്‍ നിന്ന് പ്രഫസറായി വിരമിച്ച റബേക്ക തോമസാണ് ജേക്കബ്ബ് പുന്നൂസിന്‍റെ ഭാര്യ. മെല്‍ബണില്‍ ഗവേഷണം നടത്തുന്ന പുന്നൂസ് ജേക്കബ്ബ്, ബാംഗ്ലൂരില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായ തോമസ് ജേക്കബ്ബ് എന്നിവര്‍ മക്കളാണ്.