തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന ജയലളിതയുടെ ആവശ്യം സിപിഎം നേതൃത്വം തള്ളി. ചിറ്റൂര്‍ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി സുഭാഷ് ചന്ദ്രബോസിനെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് നിശ്ചയിക്കുകയും ചെയ്തു. സിപിഎമ്മിനും സിപിഐക്കും തമിഴ്നാട്ടില്‍ രണ്ടോ മൂന്നോ ‘ഷുവര്‍ സീറ്റ്’ വാഗ്ദാനം ചെയ്തുകൊണ്ട് ‘ചിറ്റൂര്‍ ഫോര്‍മുല’യിലൂടെ കേരളത്തില്‍ അക്കൌണ്ട് തുറക്കാമെന്ന ജയലളിതയുടെ മോഹമാണ് ഇതോടെ പൊലിഞ്ഞിരിക്കുന്നത്.
ചിറ്റൂര്‍ കിട്ടിയേ തീരൂ എന്ന് തമിഴ്നാട്ടിലെ ഇടതുമുന്നണി നേതാക്കളോട് ജയലളിത ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ചിറ്റൂര്‍ മണ്ഡലം ഒഴിച്ചിടുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരത്തോടെ ചിറ്റൂരില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും പാലക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനുമായ സുഭാഷ് ചന്ദ്രബോസിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയാണ് ഉണ്ടായത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും എന്നറിയുന്നു.
‘ചിറ്റൂര്‍ ഫോര്‍മുല’ എന്നൊരു പുതിയ തന്ത്രത്തിലൂടെ കേരളത്തില്‍ അക്കൌണ്ട് തുറക്കാനുള്ള ശ്രമത്തിലായിരുന്നു ജയലളിത. ഈ ഫോര്‍മുല അനുസരിച്ച് തമിഴ്നാട്ടില്‍ ഉറപ്പായും വിജയസാധ്യതയുള്ള മൂന്ന് സീറ്റുകളെങ്കിലും സിപിഎമ്മിനും സിപിഐക്കും നല്കാന് ജയലളിത സമ്മതിച്ചിട്ടുണ്ട്. ഇതിന് പകരമായി പാലക്കാടിലെ ചിറ്റൂരില്‍ സീറ്റ് വേണമെന്നായിരുന്നു. ജയലളിതയുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലെ സീറ്റ് വിഭജനം പൂര്‍ത്തിയായതിന് ശേഷം ചിറ്റൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ മതിയെന്ന ധാരണയില്‍ സിപിഎം എത്തിയത്.
സീറ്റ് വേണമെന്ന ആവശ്യവുമായി ഇക്കഴിഞ്ഞ 10-ന് എഐഡിഎംകെ രാജ്യസഭാ ഡെപ്യൂട്ടി ലീഡര്‍ മൈത്രേയന്, പാര്‍ലമെന്റംഗം ബാലഗംഗ എന്നിവര്‍ കേരളത്തില്‍ എത്തിയിരുന്നു. ഇവര്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന് എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ഇതിനിടെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ആരെ ചിറ്റൂരില്‍ നിര്‍ത്തും എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്. ചിറ്റൂര്‍ സീറ്റ് തനിക്ക് വേണമെന്നാണ് കോണ്‍ഗ്രസിലെ സിറ്റിംഗ് എംഎല്‍എ കെ അച്യുതന്റെ ആവശ്യം. എന്നാല്‍ സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെട്ടിരിക്കുന്നത് മുന്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിക്ക് ഈ മണ്ഡലം വേണമെന്നാണ്.