പത്തനംതിട്ട ജില്ലയില്‍ ചിക്കുന്‍ഗുനിയ പടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ഡ്രൈ ഡേ ആയി ആചരിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു.
ഗതാഗത മന്ത്രി മാത്യു ടി.തോമസിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. മെഡിക്കല്‍ കോളജുകളില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. കേന്ദ്രത്തില്‍ നിന്നുള്ള വരുന്ന സംഘം ചൊവ്വാഴ്ച ജില്ലയിലെത്തും.
ചിക്കുന്‍ഗുനിയ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പത്തനതിട്ട ജില്ലയില്‍ 20 ഡോക്ടര്‍മാരെക്കൂടി നിയമിക്കും. ശുചീകരണ പ്രവര്‍ത്ത നങ്ങള്‍ നടത്തുന്നതിനായി ജില്ലയില്‍ വാര്‍ഡൊന്നിന് അയ്യായിരം രൂപ വീതം നല്‍കും. ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ മൊബെയില്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.
ജില്ലയില്‍ 49 പേര്‍ക്ക് രോഗബാധ കണ്ടെത്തിയെന്നാണ് ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്ക്. ഇതില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. തോട്ടം മേഖലയില്‍ രോഗം പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കൊതുകു നശീകരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര പഞ്ചായത്തില്‍ രോഗം കുടുതലായി പടരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാന ത്തില്‍ ഇവിടെ കൂടുതല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കും.