രോഗികളെ വലച്ചുകൊണ്ട് പിജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി പ്രശ്ന പരിഹാരത്തിന് രണ്ടാഴ്ചത്തെ സമയം ചോദിച്ചത് സമര നേതാക്കള്‍ തള്ളിക്കളഞ്ഞു.
ഇപ്പോള്‍ അഞ്ച് മെഡിക്കല്‍ കോളജിലെ ആയിരത്തിയെണ്ണൂറ് റസിഡന്റ് ഡോക്ടര്‍മാരാണ് സമരം ചെയ്യുന്നത്. എന്നാല്‍ മെഡിക്കല്‍ പിജി അസോസിയേഷന്‍ ആഹ്വാനം ചെയ്ത സമരത്തിന് ഹൌസ് സര്‍ജന്‍മാരും പിന്തുണ പ്രഖ്യാപിച്ചതോടെ സമരച്ചൂടില്‍ രോഗികള്‍ തീര്‍ത്തും വലയുമെന്ന് ഉറപ്പായി.
മിക്ക ആശുപത്രികളിലും അടിയന്തിര ശസ്ത്രകിയ ഒഴികെയുള്ളതെല്ലാം മാറ്റി വച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഒപി വിഭാഗം മാത്രമായിരുന്നു പ്രവര്‍ത്തിച്ചത്. കൂടുതല്‍ ഡോക്ടര്‍മാര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെ ഇത് ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്ന് ഉറപ്പായി.
ഡോക്ടര്‍മാരുടെ ശമ്പള വര്‍ദ്ധന പ്രശ്നം ധനകാര്യ മന്ത്രാലയത്തെ അറിയിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാമെന്നാണ് ആരോഗ്യമന്ത്രി പി കെ ശ്രീമതി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍, മുമ്പ് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനാല്‍ വാഗ്ദാനം വിശ്വസിക്കാനാവില്ല എന്നാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ നിലപാട്.