സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി രംഗത്തെത്തി. രക്ഷപ്പെടണോ നശിയ്ക്കണോ എന്ന് കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് തീരുമാനിയ്ക്കാം. കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. ഇതു വേണോ എന്ന് കേരളത്തിലെ നേതാക്കളാണ് തീരുമാനിയ്ക്കേണ്ടതെന്നും ആന്റണി പറഞ്ഞു. കൊച്ചിയില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
ഡല്‍ഹിയിലുള്ള തനിയ്ക്ക് കേരളത്തിലെ കാര്യങ്ങളില്‍ ഇടപെടാനാവില്ല. അതിനാല്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതാണ് എല്ലാവര്ക്കും നല്ലതെന്നും ആന്റണി പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലെ വിവിധ ചേരികള്‍ വ്യാപകമായി ഗ്രൂപ്പ് യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് ആന്റണിയുടെ പ്രസ്താവന.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വയലാര്‍ രവിയും മറ്റും നേതൃത്വം നല്കുന്ന വിശാല ഐ ഗ്രൂപ്പാണ് ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ മുന്നിലുള്ളത്. ഉമ്മന്‍ ചാണ്ടി വിഭാഗത്തിനെതിരെയാണ് ഇവരുടെ നീക്കങ്ങള്‍. ഇതേസമയം ഉമ്മന്‍ ചാണ്ടി കെ കരുണാകരനെ കൂട്ടുപിടിച്ച് എതിര് ചേരിയുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തു.