ഏപ്രില്‍ മുതല്‍ ഗര്‍ഭിണികള്‍ക്ക് എന്‍ ആര് എച്ച് എം വഴിയുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. ഈ സാഹചര്യത്തില്‍ എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ ജില്ലയിലെ 10 പ്രധാന താലൂക്ക് ആശുപത്രികളില്‍ ഈ മാസം 17 മുതല്‍ രണ്ടു മാസത്തേക്ക് ആധാര്‍ രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിക്കുമെന്നു ജില്ല കളക്ടര്‍ പി ഐ ഷെയ്ക്ക് പരീത് പറഞ്ഞു.
ഇതിനു പുറമെ കോതമംഗലം, ഫോര്‍ട്ടുകൊച്ചി, പറവൂര്‍ പ്രദേശങ്ങളില്‍ 22 മുതല്‍ സഞ്ചരിക്കുന്ന ആധാര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കും. ജില്ലയില്‍ ആധാര്‍ രജിസ്ട്രേഷന് 102 ശതമാനമായതിനാല്‍ ഇത്തരം ക്യാമ്പുകള്‍ രണ്ടു മാസത്തിനു ശേഷം നിര്‍ത്തലാക്കുമെന്നു കളക്ടര്‍ പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യം വഴി ലഭിക്കുന്ന ജെ.എസ്.വൈ ആനുകൂല്യം ആധാര്‍ വഴി മാത്രമേ നല്‍കാവൂ എന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നു ചേര് ജില്ലാതല കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
പ്രസവം കൂടുതലായി നടക്കുന്ന മറ്റു ആശുപത്രികളിലും ആധാര്‍ രജിസ്ട്രേഷന് ലഭ്യമാക്കും. ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പ്രസവം നടന്ന ഉടന്‍ ആനുകൂല്യം ബാങ്കില്‍ നേരിട്ടു നിക്ഷേപിക്കാനാകും. നിലവില്‍ ചെക്കായാണ് പണം നല്കി വരുന്നത്. ഗര്‍ഭിണികള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയില്‍ ജെ.എസ്.വൈ പദ്ധതിക്ക് പുറമെ മറ്റു ആനുകൂല്യങ്ങളും ഗര്‍ഭിണികള്‍ക്ക് നല്കാന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആധാര്‍ കാര്‍ഡ് നമ്പറുകള്‍ വഴി ബാങ്കുകളില്‍ നേരിട്ടു ലഭ്യമാക്കുതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, അക്രഡിറ്റഡ് സ്വകാര്യ ആശുപത്രികള്‍ എന്നവിടങ്ങളില്‍ പ്രസവിക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
ആധാര്‍ കാര്‍ഡ് എടുക്കാത്ത ഗര്‍ഭിണികള്‍, വൃദ്ധര്‍, വികലാംഗര്‍ എന്നവരെ കണ്ടെത്തുന്നതിന് ആശ വര്‍ക്കര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളെ കണ്ടെത്തി ആധാര്‍ രജിസ്ട്രേഷന് നടത്താന്‍ സഹായിക്കുന്ന ആശവര്‍ക്കര്‍മാര്‍ക്ക് അഞ്ച് രൂപ വീതം നല്‍കും. മൊബൈല്‍ ആധാര്‍ വഴി രജിസ്ട്രേഷന് നടത്തുന്ന പ്രദേശങ്ങളില്‍ സൗകര്യത്തിനനുസൃതമായി രക്തപരിശോധന ക്യാമ്പുകളും സംഘിടിപ്പിക്കും. സര്‍ക്കാര്‍ വഴി ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ആധാര്‍ വഴിയാകുന്ന സാഹചര്യത്തില്‍ എല്ലാവരും ആധാര്‍ കാര്‍ഡ് എടുക്കണമെന്നു കളക്ടര്‍ പറഞ്ഞു. സഞ്ചരിക്കുന്ന ആധാര്‍ രജിസ്ട്രേഷന് പ്രയോജനപ്പെടുത്താന്‍ താത്പര്യമുള്ളവര്‍ക്ക് 9656217007, 9947422062, 9447909239 എന്ന നമ്പറുകളില്‍ ബന്ധപ്പെട്ടു മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാം. പുതുതായി ആരംഭിക്കുന്ന 13 ഇടങ്ങളിലും എല്ലാ വിഭാഗം ആളുകള്‍ക്കും ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കുമെന്നു കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.