ബത്തേരി - ഗുണ്ടല്‍പേട്ട്, ഗൂഡല്ലൂര്‍ - ഗുണ്ടല്‍പേട്ട് പാതകളില്‍ രാത്രികാല ഗതാഗതം പൂര്‍ണമായി നിരോധിച്ചതില്‍ പ്രതിഷേധിച്ച് വയനാട്ടിലെ വിവിധ പാതകളില്‍ ഈ മാസം ഒമ്പതിന് വാഹന പണിമുടക്ക് നടത്തും. വയനാട്ടില്‍ ചേര്‍ന്ന സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കോഴിക്കോട്, മാനന്തവാടി, കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പേട്ട്, മൈസൂര്‍, ഊട്ടി എന്നീ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതകളിലാണ് പണിമുടക്ക് നടത്തുക.
ബുധനാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ പുലര്‍ച്ചെ ആറുവരെ ബത്തേരി - ഗുണ്ടല്‍പേട്ട്, ഗൂഡല്ലൂര്‍ - ഗുണ്ടല്‍പേട്ട് പാതകളില്‍ ഗതാഗതം വഴി തിരിച്ചു വിട്ടിരുന്നു. വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ കര്‍ണ്ണാടക ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു നിരോധനം.
ഓഗസ്റ്റ് അഞ്ചു മുതല്‍ ഈ പാതയില്‍ ഗതാഗത നിരോധനം നടപ്പിലാക്കിയിരുന്നെങ്കിലും പ്രതിഷേധവുമായി ചില സംഘടനകള്‍ എത്തിയതിനെ തുടര്‍ന്ന് ഭാഗികമായിട്ടായിരുന്നു നിരോധനം. എന്നാല്‍, കഴിഞ്ഞദിവസം മുതല്‍ കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണമായി ഗതാഗതം നിരോധിക്കുകയായിരുന്നു.
പൂര്‍ണമായ ഗതാഗത നിരോധനം ബാംഗ്ലൂരില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് മലയാളികളെ ദുരിതത്തിലാക്കും. കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള മിക്ക ബസുകളും ഈ റൂട്ടിലാണ് സഞ്ചരിക്കുന്നത്.